പ്രൈവറ്റ് ബസ് സ്റ്റാൻഡിനടുത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ബസ് ഡ്രൈവറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

ആലപ്പുഴ: കഞ്ചാവ് ബീഡി വലിക്കുന്നതിനിടയിൽ സ്വകാര്യ ബസ് ഡ്രൈവറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചേർത്തല പ്രൈവറ്റ് സ്റ്റാന്റിന് തെക്ക് വശത്ത് നിന്ന് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡിൽ തെക്കേവീടില്‍ അലക്സിനെയാണ് ചേർത്തല റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.എം സുമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 

ഇയാളുടെ പക്കൽ നിന്നും എട്ട് ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെടുത്തു. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ച് അപകടകരമായ രീതിയില്‍ ബസ് ഓടിക്കുന്നതായി യാത്രക്കാരിൽ നിന്നും പരാതി ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്.

അതേസമയം മറ്റൊരു സംഭവത്തിൽ തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് കൃഷി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥനും ഇന്ന് പിടിയിലായി. അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ ജിതിൻ ആണ് പിടിയിലായത്. ഗസ്റ്റഡ് റാങ്കിലെ ഓഫീസനാണ് ജിതിൻ. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് കൃഷിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ കൂടെ താമസിക്കുന്നവരും അക്കൗണ്ട് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin