പവര്‍ പ്ലേയില്‍ വെടിക്കെട്ടിന് തിരി കൊളുത്തി രോഹിത് മടങ്ങി, ഹൈദരാബാദിനെതിരെ മുംബൈക്ക് ഭേദപ്പെട്ട തുടക്കം
മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന മുംബൈ ഇന്ത്യൻസിന് ഭേദപ്പെട്ട തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ്. 14 പന്തില്‍ 21 റണ്‍സുമായി റിയാന്‍ റിക്കിള്‍ടണും ഏഴ് റണ്‍സുമായി വില്‍ ജാക്സും ക്രീസില്‍. 16 പന്തില്‍ മൂന്ന് സിക്സ് അടക്കം 26 റണ്‍സടിച്ച രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. കമിന്‍സിനാണ് വിക്കറ്റ്.
പവര്‍ ഹിറ്റുമായി ഹിറ്റ്മാന്‍
പവര്‍ പ്ലേയിലെ ആദ്യ രണ്ടോവറില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത മുംബൈ മുഹമ്മദ് ഷമിയുടെ മൂന്നാം ഓവറിലാണ് ഗിയര്‍ മാറ്റിയത്. ഷമിയുടെ ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയ രോഹിത് വെടിക്കെട്ടിന് തിരികൊളുത്തി. മൂന്നാം ഓവറില്‍ 17 റണ്‍സടിച്ച മുംബൈക്കായി കമിന്‍സ് എറിഞ്ഞ നാലാം ഓവറില്‍ സിക്സ് അടിച്ചാണ് രോഹിത് തുടങ്ങിയത്. എന്നാല്‍ ഫുള്‍ ടോസായ അഞ്ചാം പന്തില്‍ കവറില്‍ ട്രാവിസ് ഹെഡിന് അനായാസ ക്യാച്ച് നല്‍കി രോഹിത് മടങ്ങി.
പിന്നാലെ മുഹമ്മദ് ഷമിയുടെ പന്തില്‍ വില്‍ ജാക്സ് നല്‍കിയ അനായാസ ക്യാച്ച് ഹെഡ് കൈവിട്ടു. ഇഷാൻ മലിംഗയെറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ 14 റണ്‍സടിച്ച മുംബൈ 55 റണ്‍സിലെത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന്‍റെ വെടിക്കെട്ട് ബാറ്റര്‍മാരെ മുംബൈ ബൗളര്‍മാര്‍ ഫലപ്രദമായി പൂട്ടിയിട്ടപ്പോള്‍ 20 ഓവറില്‍ ഓറഞ്ച് പടക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ട്രാവിസ് ഹെഡ് 29 പന്തില്‍ 28 റൺസെടുത്തപ്പോള്‍ ഹെന്‍റിച്ച് ക്ലാസന്‍ 28 പന്തില്‍ 37 റണ്‍സടിച്ചു. മുംബൈക്കായി വില്‍ ജാക്സ് മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക