പണപ്പെരുപ്പത്തിൽ വെന്ത് കേരളം, മൂന്നാം തവണയും ഒന്നാമത്, ഏറ്റവും കുറവ് തെലങ്കാനയിൽ; എൻഎസ്ഒ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: തുടർച്ചയായ മൂന്നാം മാസവും ഏറ്റവും ഉയർന്ന നിരക്കിൽ തുടർന്ന് സംസ്ഥാനത്തെ ചില്ലറ പണപ്പെരുപ്പം. മാർച്ചിലെ കണക്കുകൾ പുറത്തുവരുമ്പോൾ കേരളത്തലെ ചില്ലറ പണപ്പെരുപ്പം 6.59 ശതമാനമാണ്. ഇത് ഫെബ്രുവരിയിലെ നിരക്കിനെക്കാൾ കുറവാണെങ്കിലും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ വെച്ച് താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നതാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം മാർച്ചിൽ റിസർവ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാൾ മുകളിലാണ് ചില സംസ്ഥാനങ്ങളിലെ ചില്ലറ പണപ്പെരുപ്പം. അതിൽ ഏറ്റവും മുകളിലാണ് കേരളത്തിൻ്റെ സ്ഥാനം.
കണക്കുകൾ പരിശോധിച്ചാൽ കേരളത്തിൽ 6.59 ശതമാനവും കർണാടകയിൽ 4.44 ശതമാനവും ഛത്തീസ്ഗഡിൽ 4.25 ശതമാനവും ആണ് പണപ്പെരുപ്പം. മാർച്ചിൽ ഏറ്റവും കുറഞ്ഞ നിരക്കുള്ളത് തെലങ്കാനയിലാണ് 1.06 ശതമാനമാണ് തെലങ്കാനയിലെ ചില്ലറ പണപ്പെരുപ്പം. തൊട്ടുപിന്നാലെ 2.08 ശതമാനവുമായി ജാർഖണ്ഡും 2.5 ശതമാനവുമായി ആന്ധ്രാപ്രദേശും 2.63 ശതമാനവുമായി ഗുജറാത്തും 2.66 ശതമാനവുമായി രാജസ്ഥാനുമുണ്ട്.
അതേസമയം, സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം 3.6 ശതമാനമായിരുന്നു. ഏഴ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു ഫെബ്രുവരിയിൽ രാജ്യത്തെ പണപ്പെരുപ്പമുണ്ടായിരുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഉണ്ടായ കുത്തനെയുള്ള ഇടിവാണ് പണപ്പെരുപ്പം കുറയാൻ കാരണമായത്. എന്നാൽ, മാർച്ചിൽ പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് പണപ്പെരുപ്പ നിരക്കിലുണ്ടായത്. മാർച്ചിൽ പണപ്പെരുപ്പം 3.34% ആയി കുറഞ്ഞതായി രാജ്യത്തെ സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പറയുന്നു. ഭക്ഷ്യ പണപ്പെരുപ്പം 2.69% ആയി കുറഞ്ഞതാണ് റീട്ടെയിൽ പണപ്പെരുപ്പം കുറയാനുള്ള ഒരു പ്രധാന കാരണം. പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, മുട്ട, പയർവർഗ്ഗങ്ങൾ എന്നിവയുടെ വില കുറഞ്ഞു. റീട്ടെയില്‍ പണപ്പെരുപ്പം കുറയുമെന്ന ആര്‍ബിഐയുടെ നിഗമനങ്ങൾ ശരിവെക്കുന്നതാണ് ഈ റിപ്പോട്ടുകൾ. പണപ്പെരുപ്പം കുറഞ്ഞതോടെ ഏപ്രിൽ 9 ന് നടന്ന എംപിസി യോഗത്തിന് ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചിരുന്നു.