കോഴ്സ് തീരാൻ 30 ദിവസം മാത്രം, വിസ റദ്ദാക്കി ഇന്ത്യൻ വിദ്യാർഥിയെ തിരിച്ചയക്കാനുള്ള യുഎസ് നീക്കം തടഞ്ഞ് കോടതി
വാഷിങ്ടൺ: ന്യൂയോർക്ക്: വിസ റദ്ദാക്കപ്പെട്ട ഇന്ത്യൻ ബിരുദ വിദ്യാർഥി കൃഷ് ലാൽ ഇസെർദസാനിയെ നാടുകടത്താനുള്ള യുഎസ് സർക്കാരിന്‍റെ നീക്കം തടഞ്ഞ് ഫെഡറൽ കോടതി. പഠനം തീരാൻ 30 ദിവസം ബാക്കിയുള്ളപ്പോഴാണ് വിസ്കോൻസെൻ–മാഡിസൻ യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ എൻജിനീയറിങ് ബിരുദ അവസാന സെമസ്റ്റർ വിദ്യാർഥി കൃഷ് ലാൽ ഇസ്സർദസാനിയെ വിസ റദ്ദാക്കി തിരിച്ചയക്കാൻ ട്രംപ് സർക്കാർ നടപടിയെടുത്തത്.
കൃഷ് ലാലിനെ കൂട്ടുകാരുമായി വഴക്കുണ്ടാക്കിയെന്ന പരാതിയിൽ കഴിഞ്ഞ നവംബർ 22ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു ബാറിന് മുന്നിൽ വെച്ചായിരുന്നു വഴക്ക് നടന്നത്. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥിയുടെ വീസ റദ്ദാക്കി തിരിച്ചയയ്ക്കാൻ ശ്രമമുണ്ടായത്. വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഗൗരവമുള്ളതല്ലെന്ന് കണ്ടെത്തി കുറ്റം ചുമത്തിയിരുന്നില്ല. മിടുക്കനായ വിദ്യാർഥി മുൻപ് കുറ്റങ്ങളൊന്നും ചെയ്തിട്ടില്ല എന്നത് കോടതി പരിഗണിച്ച് 28ന് വീണ്ടും വാദം കേൾക്കാനിരിക്കെയാണ് യുഎസ് സർക്കാരിന്‍റെ വിദ്യാർത്ഥിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടി.
2025 ഏപ്രിൽ നാലിന് കൃഷ് ലാലിന്റെ സ്റ്റുഡന്റ് വിസ റദ്ദാക്കിയതായി വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയുടെ ഇന്റർനാഷണൽ സ്റ്റുഡന്റ് സർവീസസ് (ഐഎസ്എസ്) ഓഫീസ് ഇ-മെയിൽ വഴി അറിയിക്കുകയായിരുന്നു. മെയ് രണ്ടിന് യുഎസ് വിടണമെന്നും ഉത്തരവിട്ടു. ഇതോടെ വിദ്യാർത്ഥി കോടതിയെ സമീപിക്കുകയായിരുന്നു. കൂട്ടുകാർക്കൊപ്പം താമസസ്ഥലത്തേക്കു പോകുമ്പോൾ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായതിന്റെ പേരിലാണ് കൃഷ് ലാൽ അറസ്റ്റിലായതെന്നും ഇതിന് കുടിയേറ്റവുമായി ബന്ധമില്ലെന്നും കോടതി നിരീക്ഷിച്ചു.
കോഴ്സിന്റെ അവസാന സെമസ്റ്റർ ക്ലാസുകൾ നടക്കുകയാണ്. കൃഷ് ലാലിന് മികച്ച അക്കാദമിക് നിലവാരവും ഹാജരുമുണ്ട്. ബിരുദദാനത്തിന് ഇനി 30 ദിവസത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂ. വിസ റദ്ദാക്കി നാടുകടത്തിയാൽ ബിരുദം പൂർത്തിയാക്കുന്നതിന് അത് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടി കോടതി വിദ്യാർത്ഥിയെ തിരിച്ചയക്കുന്ന ഉത്തരവ് തടയുകയായിരുന്നു. ട്രംപ് സർക്കാരിന്റെ നാടുകടത്തൽ ഭീഷണി തുടരുകയാണ്. അതിനിടെ, വീസ റദ്ദാക്കി തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യയിൽ നിന്നുള്ള ചിന്മയ് ദേവ്‍ര ഉൾപ്പെടെ മിഷിഗൻ പബ്ലിക് യൂണിവേഴ്സിറ്റിയിലെ 4 വിദ്യാർഥികൾ കോടതിയെ സമീപിച്ചു. നോട്ടിസ് പോലും നൽകാതെയാണ് എഫ്–1 വീസ റദ്ദാക്കിയതെന്ന് വിദ്യാർഥികൾ പറയുന്നു.
Read More : ‘സ്ത്രീകളായി ജനിച്ചവർക്ക് മാത്രം ലിംഗാധിഷ്ടിത സംരക്ഷണം’; നിർണായക വിധിയുമായി ബ്രിട്ടനിലെ സുപ്രീം കോടതി