കേക്ക് സ്റ്റോറി പ്രണയത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ട ഒരു കേക്കിന്റെ കഥ

മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കൾ, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ സുനിൽ, ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ തിരിച്ചെത്തുകയാണ്. സുനിലിന്റെ പുതിയ ചിത്രം കേക്ക് സ്റ്റോറി ഏപ്രിൽ 19-ന് റിലീസ് ചെയ്യും. സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നതും മുഖ്യവേഷത്തിൽ അഭിനയിക്കുന്നതും സുനിലിന്റെ മകളായ വേദ സുനിൽ ആണ്. സിനിമയുണ്ടായ വഴിയെക്കുറിച്ചും എഴുത്തിനെക്കുറിച്ചും വേദ പറയുന്നു.

നായിക തന്നെ തിരക്കഥയെഴുതുന്ന സിനിമ…

സത്യത്തിൽ തിരക്കഥാകൃത്തായിട്ടാണ് ഞാൻ ഈ സിനിമയിൽ ചേരുന്നത്. അച്ഛൻ തന്നെയാണ് സംവിധായകനും. നായികയുടെ വേഷത്തിനായി അവർ ഓഡിഷൻ നടത്തിയെങ്കിലും ഓക്കെ ആയില്ല. പിന്നീട് അച്ഛന്റെ അസോസിയേറ്റ് ഡയറക്ടറും അടുത്ത സുഹൃത്തും എന്നോട് അഭിനയിക്കാമോ എന്ന് ചോദിച്ചു. ഞാൻ ആദ്യം നോ ആണ് പറഞ്ഞത്. അച്ഛനും എന്റെ കാര്യത്തിൽ സംശയമുണ്ടായിരുന്നു. പിന്നെ ഓഡിഷൻ സ്ക്രിപ്റ്റ് ഞാൻ ചെയ്തത് വീഡിയോ എടുത്ത് അച്ഛനെ കാണിച്ചപ്പോഴാണ് അച്ഛൻ തീരുമാനം എടുത്തത്.

ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ നായികയായി എത്തുമ്പോൾ

സിനിമയിൽ ഞാൻ ആദ്യമായല്ല. ഇതിന് മുൻപ് അച്ഛൻ തന്നെ സംവിധാനം ചെയ്ത മൂന്നു പ്രോജക്റ്റുകളിൽ അസിസ്റ്റന്റ് ഡയറക്ടറായിട്ടുണ്ട്. ഇതിൽ ഒരു പ്രോജക്ടിൽ എഡിറ്ററുമായിരുന്നു. ചെറിയ ഷോർട്ട്ഫിലിം ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സിനിമയിൽ മുഴുനീള കഥാപാത്രം ചെയ്യുന്നത്.

കൊവിഡ് കാലത്ത് കിട്ടിയ ആശയം…

കേക്ക് സ്റ്റോറിയുടെ പ്രമേയം കൊവിഡ് കാലത്താണ് ഉണ്ടായത്. ലോക്ക്ഡൗൺ ഉണ്ടായ സമയത്ത് എല്ലാവരും കേക്ക് ഉണ്ടാക്കിയത് ഓർമ്മയില്ലേ. സോഷ്യൽ മീഡിയയിലും അന്ന് കേക്ക് ഉണ്ടാക്കൽ തരം​ഗമായിരുന്നു. അന്ന് ഞാനും കേക്കുണ്ടാക്കി, അങ്ങനെയാണ് ഈ കഥ മനസ്സിൽ വരുന്നത്. അച്ഛനോട് പറഞ്ഞപ്പോൾ കഥ കൊള്ളാം, തിരക്കഥയാക്കാൻ പറഞ്ഞു. രണ്ടു വർഷം മുൻപാണ് ഞാനിത് എഴുതിയത്.

ആദ്യം എഴുത്തുകാരി, ഇനി സംവിധാനം…

ഞാൻ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേര് പന്ത്രണ്ട് മണിയും പതിനെട്ട് വയസ്സും. ഞാൻ പത്ത് വർഷത്തിനിടെ എഴുതിയ കഥകളാണ്. രണ്ട് ആ​ഗ്രഹങ്ങളാണ് എനിക്കുള്ളത്. എഴുത്തുകാരിയാകുക എന്നതിനൊപ്പം സംവിധായകയാകനും താൽപര്യമുണ്ട്. ഞാൻ രണ്ടാമതൊരു പുസ്തകം എഴുതിയിട്ടുണ്ട്. ഈ സിനിമയുടെ തിരക്കുകൾ കാരണം തൽക്കാലം അത് പൂർത്തിയായിട്ടില്ല. ഉടനെ അത് പ്രസിദ്ധീകരിക്കും.

അഭിനയം, എഴുത്ത്, സംവിധാനം, ഒപ്പം എഡിറ്റിങ്ങും…

ആറാം ക്ലാസ്സിന് ശേഷം എന്റെ വിദ്യാഭ്യാസം ​ഗുരുകുലത്തിൽ ആയിരുന്നു. അച്ഛൻ തന്നെ സ്ഥാപിച്ചതാണ് ​ഗുരുകുലം. അവിടെ ഞങ്ങൾക്ക് ഒരു എഡിറ്റിങ് ക്ലാസ് ഉണ്ടായിരുന്നു. അതിലൂടെ ബേസിക് എഡിറ്റിങ് സോഫ്റ്റ് വെയ‍ർ പഠിച്ചു. പിന്നെ സ്വന്തമായി ഓരോ പരിപാടികൾ എഡിറ്റ് ചെയ്തു പഠിക്കുകയായിരുന്നു.

കേക്ക് സ്റ്റോറിയെക്കുറിച്ച്…

കേക്ക് സ്റ്റോറി ഒരു പ്രണയകഥയാണ്. പ്രണയത്തിന് വേണ്ടി ഉണ്ടാക്കപ്പെട്ട ഒരു കേക്കിന്റെ കഥ. രണ്ട് കാലഘട്ടത്തിൽ നിന്നുള്ള രണ്ട് കഥകൾ ഇത് പറയുന്നുണ്ട്. 50 വർഷം മുൻപ് ഉണ്ടാക്കപ്പെട്ട ഒരു കേക്കിനെക്കുറിച്ച് കൂടെയാണിത്. മാത്രമല്ല ഒരുപാട് കേക്കുകളുടെ കഥയുംകൂടെയാണിത്.
 

By admin