കുപിതനായി ട്രംപ്; ചൈനയ്ക്കെതിരായ രഹസ്യ നീക്കങ്ങൾ മസ്കിനെ അറിയിക്കരുതെന്ന് പെന്‍റഗണിന് കർശന നിർദേശം
വാഷിങ്ടണ്‍: ചൈനയ്ക്കെതിരായ യുദ്ധ പദ്ധതികളെ കുറിച്ച് എലോൺ മസ്‌കിന് പെന്‍റഗണിൽ നിന്ന് രഹസ്യ വിവരം ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രോഷാകുലനായെന്ന് റിപ്പോർട്ട്. ചൈനയിൽ കോടിക്കണക്കിന് ഡോളറിന്‍റെ ബിസിനസ് മസ്കിന് ഉള്ളതിനാലാണ് ചൈനക്കെതിരായ രഹസ്യ പദ്ധതികളെ കുറിച്ച് മസ്കിനെ അറിയിക്കരുതെന്ന് ട്രംപ് കർശന നിർദേശം നൽകിയത്.
യുഎസ് കാര്യക്ഷമതാ വിഭാഗമായ ഡോജിന്‍റെ തലവനാണ് ഇലോണ്‍ മസ്ക്. ചൈനയുമായി യുദ്ധമുണ്ടായാൽ നേരിടാനുള്ള യുഎസ് സൈന്യത്തിന്‍റെ പദ്ധതികളെക്കുറിച്ച് മസ്കിനോട് പെന്‍റഗണ്‍ വിശദീകരിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് മാർച്ച് 20ന് റിപ്പോർട്ട് ചെയ്തു. എന്നാൽ ചൈനയുമായി ബന്ധപ്പെട്ട സൈനിക പദ്ധതികളെക്കുറിച്ചുള്ള ചർച്ചയ്ക്കല്ല മസ്ക് വരുന്നതെന്ന് ട്രംപും പെന്‍റഗണും പിന്നാലെ വിശദീകരിക്കുകയുണ്ടായി. മാധ്യമങ്ങൾ അത്തരം നുണകൾ കെട്ടിച്ചമയ്ക്കുന്നത് അപമാനകരമാണെന്ന് അന്ന് ട്രംപ് രൂക്ഷ വിമർശനം നടത്തി.
ചൈനയെക്കുറിച്ച് മസ്കിനോട് സംസാരിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയ ശേഷമാണ് ട്രംപ് ആ സന്ദേശം പോസ്റ്റ് ചെയ്തതെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. മസ്കിന്‍റെ ടെസ്‌ലയ്ക്ക് ചൈനയിലാണ് ഏറ്റവും വലിയ ഫാക്ടറിയുള്ളത്. കഴിഞ്ഞ വർഷം ടെസ്‌ല പകുതിയോളം കാറുകൾ ഇവിടെയാണ് നിർമിച്ചത്.
മാർച്ച് 21 ന് മസ്കിനെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പെന്‍റഗണ്‍ ആസ്ഥാനത്ത് സ്വാഗതം ചെയ്തു. ആ കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. എന്താണ് ചർച്ച ചെയ്തെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്തിന് നിങ്ങളോട് പറയണം എന്നായിരുന്നു ട്രംപിന്‍റെ മറുപടി. എന്നാൽ ചൈനയ്ക്കെതിരായ അമേരിക്കയുടെ പദ്ധതിയുടെ വിശദാംശങ്ങൾ മറ്റാരും അറിയരുതെന്ന് പിന്നാലെ ട്രംപ് നിർദേശം നൽകി.
“ചൈനയുമായി യുദ്ധം ആഗ്രഹിക്കുന്നില്ല, പക്ഷേ അങ്ങനെയുണ്ടായാൽ, അത് കൈകാര്യം ചെയ്യാൻ നമ്മൾ തികച്ചും സജ്ജരാണ്. പക്ഷേ അത് ആരെയും കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ അത് ബിസിനസുകാരനെ കാണിക്കരുത്”- എന്ന് ട്രംപ് പറഞ്ഞുവെന്നാണ് റിപ്പോർട്ട്. യുദ്ധ പദ്ധതികളോ രഹസ്യ പദ്ധതികളോ മസ്കുമായി ചർച്ച ചെയ്തില്ലെന്നാണ് പ്രതിരോധ സെക്രട്ടറി പറഞ്ഞത്. ന്യൂയോർക്ക് ടൈംസിന് തെറ്റായ വിവരങ്ങൾ ചോർത്തിയവരെ പെന്‍റഗണ്‍ കണ്ടെത്തുമെന്നും കർശന നടപടിയെടുക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ന്യൂയോർക്ക് ടൈംസിന് ആരാണ് വിവരം ചോർത്തി നൽകിയതെന്ന് കണ്ടെത്താൻ പോളിഗ്രാഫ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് പെന്‍റഗൺ ചീഫ് ഓഫ് സ്റ്റാഫ് ജോ കാസ്‌പർ ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ട് ഏകദേശം ഒരു മാസത്തിനുശേഷം, രണ്ട് ഉദ്യോഗസ്ഥർക്ക് അവധിയിൽ പോകാൻ നിർദേശം നൽകി. പ്രതിരോധ സെക്രട്ടറി ഹെഗ്‌സെത്തിന്‍റെ മുതിർന്ന ഉപദേഷ്ടാവ് ഡാൻ കാൾഡ്‌വെല്ലിനോടും പെന്‍റഗണ്‍ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാരിൻ സെൽനിക്കിനോടുമാണ് അന്വേഷണത്തിനിടെ അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്. ഇവരാണോ വിവരങ്ങൾ ചോർത്തിയതെന്നും ഇരുവരെയും പുറത്താക്കിയതാണോ എന്നും ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. കുറ്റക്കാരെ ക്രിമിനൽ പ്രോസിക്യൂഷന് വിധേയരാക്കുമെന്നാണ് പെന്‍റഗൺ ചീഫ് ഓഫ് സ്റ്റാഫ് നേരത്തെ അറിയിച്ചത്.