കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയിൽ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോൾ, അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മണിപ്പൂർ സ്വദേശി ബിനോയ് ഗുരുങ്ങിൽ ആണ് പിടിയിലായത്. ഇയാളിൽ നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ഷെഡ്യൂൾ എച്ച് പ്രിസ്ക്രിപ്ഷൻ ഡ്രഗ് ആയ 25.7 ഗ്രാം ട്രമഡോൾ ഗുളികകളുമായാണ് ബിനോയ് ഗുരുങ്ങിൽ പിടിയിലായത്. ബെംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്യവെയാണ് പ്രതി പിടിയിലാകുന്നത്.
അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ സംശയം തോന്നി ബിനോയിയെ പരിശോധിച്ചപ്പോഴാണ് നിരോധിത ലഹരി ഗുളികകൾ കണ്ടെടുത്തത്. യുവാവിന്റെ ഷൂസിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. തിരുവനന്തപുരം കരിക്കകത്തെ ഒരു സലൂണിലെ തൊഴിലാളിയാണ് ബിനോയ്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അമരവിള എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പ്രവീൺ.സി.വി യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജസ്റ്റിൻ രാജ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) രാജേഷ്.ആർ.എസ്, സിവിൽ എക്സൈസ് ഓഫീസർ ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്.
അതിനിടെ ചാത്തന്നൂരിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊല്ലം പേരയം സ്വദേശി ഷാരോൺ (24 വയസ്) ആണ് പിടിയിലായത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന രാഹുൽ എക്സൈസ് സംഘത്തെക്കണ്ട് ഓടി രക്ഷപെട്ടു. ഇയാളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പ്രതികളുടെ ബൈക്കുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്.സിയാദിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) നിഷാദ്, പ്രിവന്റീവ് ഓഫീസർ എവേഴ്സൺ ലാസർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) നഹാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിഷ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് സഫർ, അർജ്ജുൻ, ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിഷാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു,