ഓൺലൈനായി വാങ്ങിയ ടിക്കറ്റിന് എട്ട് കോടി രൂപ സമ്മാനം, ലൈവായി നറുക്കെടുപ്പ് കാണുന്നതിനിടെ 56കാരന് സ്വപ്ന വിജയം

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലെനിയം മില്ലനയര്‍, ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോ എന്നീ നറുക്കെടുപ്പുകളുടെ വിജയികളെ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പൗരനായ റോണി എസ് ആണ് മില്ലെനിയം മില്ലെനയര്‍ സീരീസ് 497 നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ട് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയ ഭാഗ്യശാലി. 

56കാരനായ റോണി ഹോങ്കോങ്ങിലാണ് താമസിക്കുന്നത്. 1844 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് കോടികളുടെ സമ്മാനം നേടിക്കൊടുത്തത്. മാര്‍ച്ച് 31ന് ഓൺലൈന്‍ വഴിയാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി പങ്കെടുത്ത് വരുന്ന റോണി ഹോങ്കോങ്ങിലെ ഒരു യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് ഫെല്ലോ ആയി ജോലി ചെയ്യുകയാണ്. ലൈവ് നറുക്കെടുപ്പില്‍ വിജയിയായി തന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല. 

ആദ്യമായാണ് താന്‍ ഫോസ്ബുക്ക് പേജിലൂടെ ലൈവായി നറുക്കെടുപ്പ് കാണുന്നതെന്നും വിജയിയായി തന്‍റെ പേര് പ്രഖ്യാപിച്ചത് വിശ്വസിക്കാനായില്ലെന്നും റോണി പ്രതികരിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീക്ക് നന്ദി പറഞ്ഞ റോണി, തന്‍റെ വിജയം പ്രിയപത്നിക്ക് സമര്‍പ്പിക്കുന്നതായും പറഞ്ഞു. 1999 ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ബമ്പര്‍ സമ്മാനം നേടുന്ന  17-ാമത് ബ്രിട്ടീഷ് പൗരനാണ് റോണി. 

Read Also –  ഒരു നിമിഷത്തെ അശ്രദ്ധ, റോഡിൽ തലകീഴായി മറിഞ്ഞ് കാർ, ഗുരുതര കുറ്റമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി പൊലീസ്

ദുഹൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് ഡ്രോയില്‍ സൗദി പൗരനായ നവാഫ് സാദ് ബിഎംഡബ്ല്യു 740ഐ എം സ്പോര്‍ട്ട് കാര്‍ സ്വന്തമാക്കി. പോര്‍ച്ചുഗീസുകാരനായ തോമസ് ഡി സില്‍വ മെര്‍സിഡിസ് ബെന്‍സ് ജി 63 കാറും സൗദി സ്വദേശിയായ മുഹമ്മദ് ഫതാനി ബിഎംഡബ്ല്യൂ എഫ് 900 ആര്‍ മോട്ടോര്‍ബൈക്കും സ്വന്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin