ഐപിഎല്‍ കഴിഞ്ഞ് മുങ്ങാമെന്ന് കരുതേണ്ട; ശ്രേയസിനും സൂര്യക്കും ഉള്‍പ്പെടെ കർശന നിർദേശവുമായി എംസിഎ
ഇന്ത്യൻ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) ശേഷം ഇന്ത്യൻ താരങ്ങള്‍ക്ക് മുന്നിലുള്ളത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. ജൂണിലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പര. ഇതോടെ, ഇന്ത്യയുടെ 2025-2027 ടെസ്റ്റ് ചാമ്പ്യൻഷിപ്പിനും തുടക്കമാകും. എന്നാല്‍, ഇംഗ്ലണ്ട് പര്യനടത്തില്‍ ഭാഗമല്ലാത്ത മുംബൈ താരങ്ങള്‍ക്ക് നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് അസോസിയേഷൻ.
ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ ആരംഭിക്കാനിരിക്കുന്ന ട്വന്റി 20 ലീഗില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്ത എല്ലാ താരങ്ങളും പങ്കെടുക്കണമെന്നാണ് നിര്‍ദേശം. അജിങ്ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ശിവം ദുബെ, പൃഥ്വി ഷാ, ശാര്‍ദൂല്‍ താക്കൂര്‍ എന്നീ സീനിയര്‍ താരങ്ങളെ ഉള്‍പ്പെടെ ഇക്കാര്യം അസോസിയേഷൻ അറിയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മേല്‍പ്പറഞ്ഞ താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകാൻ താല്‍പ്പര്യവും പ്രകടിപ്പിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് പറയുന്നു.
മുംബൈ ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ഇന്ത്യൻ താരങ്ങള്‍ക്കെല്ലാം ടി20 മുംബൈ ലീഗില്‍ കളിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ടീമില്‍ ഭാഗമായവര്‍ക്കും പരിക്കുള്ളവര്‍ക്കും മാത്രമാണ് ഇളവുള്ളതെന്നും മുംബൈ ക്രിക്കറ്റ് അസോസിയഷനിലെ ഔദ്യോഗിക വിഭാഗം അറിയിച്ചു.
പങ്കെടുക്കുന്നതിന് മാത്രമായി 15 ലക്ഷം രൂപ അസോസിയേഷൻ താരങ്ങള്‍ക്ക് നല്‍കും. ഇത് ലേലത്തുകയ്ക്ക് പുറമെയായിരിക്കും. അടിസ്ഥാനവിലയിലും മറ്റും ധാരണയിലേക്ക് എത്തുന്നതേയുള്ളെന്നും അസോസിയേഷൻ അറിയിച്ചു. മെയ് 26 മുതല്‍ ജൂണ്‍ അഞ്ച് വരെയായിരിക്കും ടൂര്‍ണമെന്റ്. എട്ട് ടീമുകളായിരിക്കും ടൂര്‍ണമെന്റില്‍ ഭാഗമാകുക.
ഒരു വര്‍ഷത്തിനിടെ രണ്ട് ഐസിസി ട്രോഫികള്‍ ഇന്ത്യയ്ക്കായി നേടിക്കൊടുത്ത രോഹിത് ശര്‍മയെ ലീഗിന്റെ മുഖമായി അവതരിപ്പിക്കാനാണ് അസോസിയേഷന്റെ നീക്കം. ഈ വാരമാദ്യമാണ് രോഹിതിന്റെ പേരില്‍ വാംഖഡെ സ്റ്റേഡിയത്തില്‍ പുതിയ സ്റ്റാൻഡിന് ക്രിക്കറ്റ് അസോസിയേഷൻ അനുമതി നല്‍കിയത്.