എന്നാലും എന്റെ ക്ലാസാ! ഔട്ടായി വീട്ടിലെത്തി റിക്കല്‍ട്ടണ്‍, തിരിച്ചുവിളിച്ച് അമ്പയർ; വല്ലാത്തൊരു നോബോള്‍

163 റണ്‍സെന്ന ഭേദപ്പെട്ട സ്കോര്‍ പിന്തുടര്‍ന്ന മുംബൈ ഇന്നിങ്സില്‍ സര്‍പ്രൈസുകള്‍ നിറഞ്ഞതായിരുന്നു ഏഴാം ഓവര്‍. സീഷൻ അൻസാരിയെറിഞ്ഞ ഷോര്‍ട്ട് ബോള്‍ ബൗണ്ടറി കടത്താനുള്ള മുംബൈ ഓപ്പണര്‍ റിയാൻ റിക്കല്‍ട്ടണിന്റെ ശ്രമം. എന്നാല്‍ കമ്മിൻസിന്റെ കൈകളില്‍ റിക്കല്‍ട്ടണിന്റെ ഇന്നിങ്സ് അവസാനിച്ചു.

നിരാശയിലായിരുന്നു റിക്കല്‍ട്ടണ്‍. പുറത്തായി ഡഗൗട്ടിലെത്തി ഇടം കയ്യൻ ബാറ്റര്‍. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ക്രീസിലുമെത്തി. പക്ഷേ, ഫോര്‍ത്ത് അമ്പയര്‍ വേഗമെത്തി റിക്കല്‍ട്ടണിനെ തടഞ്ഞു. ഡ്രെസിങ് റൂമിലേക്ക് നടന്നുനീങ്ങുകയായിരുന്നു റിക്കല്‍ട്ടണ്‍. വാംഖഡയിലെ റിക്കല്‍ട്ടണിന്റെ രണ്ടാം ഇന്നിങ്സിന് അവിടെ തുടക്കമാകുകയായിരുന്നു.

പൊടുന്നെനെയായിരുന്നു മൈതാനത്തെ വലിയ സ്ക്രീനില്‍ റീപ്ലെ തെളിഞ്ഞത്. റിക്കല്‍ട്ടണിന്റെ ബാറ്റില്‍ പന്തുകൊള്ളുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ഹെൻറിച്ച് ക്ലാസന്റെ ഗ്ലൗസ് സ്റ്റമ്പിന് മുന്നിലാണ്. ഇതോടെ പന്ത് നോബോളായി തേ‍ര്‍ഡ് വിധിച്ചു.

ക്രിക്കറ്റിലെ 27.3.1 നിയമമാണ് ഇവിടെ ബാധകമായത്. ബൗളര്‍ പന്ത് കൈകളില്‍ നിന്ന് വിടുന്ന നിമിഷം മുതല്‍ ബാറ്ററുടെ ബാറ്റിലൊ ശരീരത്തിലൊ കൊള്ളുകയോ അല്ലെങ്കില്‍ സ്റ്റമ്പ് കടക്കുകയോ ചെയ്യുന്നത് വരെ വിക്കറ്റ് കീപ്പര്‍ പൂര്‍ണമായും സ്റ്റമ്പിന് പിന്നിലായിരിക്കണം. 27.3.2 പ്രകാരം 27.3.1 പാലിക്കാത്തവണ്ണം പന്ത് നോ ബോളായി മാറും. 

ടെലിവിഷൻ റീപ്ലെകളില്‍ ഇത് തെളിഞ്ഞതോടെ റിക്കല്‍ട്ടണെ തിരിച്ചുവിളിക്കുകയായിരുന്നു. ഒരുതവണ ഭാഗ്യം തുണച്ചെങ്കിലും അധികനേരം ക്രീസില്‍ തുടരാൻ റിക്കല്‍ട്ടണായില്ല. ഹര്‍ഷല്‍ പട്ടേലെറിഞ്ഞ അടുത്ത ഓവറില്‍ ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കി താരം മടങ്ങി. എന്നാല്‍, ക്രീസിലെത്തി രണ്ട് ബൗണ്ടറി നേടിയിട്ടായിരുന്നു മടക്കം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. അവസാന അഞ്ച് ഓവറില്‍ നേടിയ 57 റണ്‍സായിരുന്നു ഹൈദരാബാദിനെ രക്ഷിച്ചത്. മുംബൈക്കായി ജസ്പ്രിത് ബുംറ, ട്രെൻ ബോള്‍ട്ട്, വില്‍ ജാക്സ് എന്നിവര്‍ പന്തുകൊണ്ട് തിളങ്ങി.

By admin