ഇന്ന് കൊല്ലപ്പെട്ടത് 35ലധികം പേർ, ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ, സൈനിക നടപടി തുടരുമെന്ന് മുന്നറിയിപ്പ്
ഗാസ: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയിലുടനീളം നടത്തിയ ആക്രമണത്തില്‍ ഇന്ന് ഇതുവരെ 35ലധികം പേരാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകയും അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. തെക്കന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പ് അടക്കമുളളിടത്താണ് ആക്രമണം. ഗാസയുടെ മൂന്നിലൊന്ന് ഭാഗവും പൂര്‍ണമായി ഇസ്രയേല്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണെന്നും തെക്കന്‍ ഗാസയിലെ വിഭജന രേഖയായ മൊറാഗ് ഇടനാഴി വികസിപ്പിക്കുകയാണെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട സിറ്റിയായിരുന്ന ഖാന്‍ യൂനിസ് തകര്‍ന്ന് തരിപ്പണമായി ഒന്നും അവശേഷിക്കാത്ത പ്രേതനഗരമായി മാറിയ കാഴ്ച ഇസ്രയേല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. അവശേഷിക്കുന്ന ഗാസയെ രണ്ടായി വിഭജിക്കുകയും ബന്ദികളെ തിരിച്ച് കിട്ടുന്നതുവരെ ആക്രമണം രൂക്ഷമാക്കുകയുമാണ് ലക്ഷ്യമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിട്ടുണ്ട്. അതേസമയം സംഘര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍ പിടിച്ചെടുത്ത ‘സുരക്ഷാ കേന്ദ്ര’ങ്ങളില്‍ സൈന്യം തുടരുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിന് സമ്മര്‍ദം ചെലുത്തുന്നതിനായി ആറാഴ്ചയായുള്ള മാനുഷിക സഹായ ഉപരോധം തുടരുമെന്നും ഇസ്രേയല്‍ അറിയിച്ചിട്ടുണ്ട്. യുഎന്‍ നല്‍കിയ മുന്നറിയിപ്പ് വകവെക്കാതെയാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേലിന്റെ ആക്രമണത്തില്‍ ആശങ്ക അറിയിച്ച് കൊണ്ട് അന്താരാഷ്ട്ര സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) രംഗത്തെത്തിയിട്ടുണ്ട്.
Read More : കോഴ്സ് തീരാൻ 30 ദിവസം മാത്രം, വിസ റദ്ദാക്കി ഇന്ത്യൻ വിദ്യാർഥിയെ തിരിച്ചയക്കാനുള്ള യുഎസ് നീക്കം തടഞ്ഞ് കോടതി