ആഹാ..പിള്ളേര് അങ്ങ് വലുതായല്ലോ ! പ്രേക്ഷകരുടെ കൺമുന്നിൽ വളർന്ന കുട്ടിത്താരങ്ങൾ

‘നമ്മുടെ കൺമുന്നിൽ വളർന്ന കുട്ടികളാ’ എന്ന് ചിലരെപ്പറ്റി പറയാറില്ലേ. സീരിയൽ രംഗത്തെ ചില കുട്ടിത്താരങ്ങളുടെ കാര്യത്തിലും അക്കാര്യം ശരിയാണ്. വളരെ ചെറുപ്പത്തിൽ തന്നെ സീരിയൽ രംഗത്തെത്തി ഇപ്പോൾ പ്രേക്ഷകരെ സാക്ഷിയാക്കിത്തെന്നെ വളർന്നു വലുതായ നിരവധി ബാലതാരങ്ങളുണ്ട് മലയാളത്തിൽ. ഉപ്പും മുളകിലെ പാറുക്കുട്ടി മുതൽ തട്ടീം മുട്ടീം എന്ന ടെലിവിഷൻ പരമ്പരയിലെ സിദ്ധാർഥ് പ്രഭു വരെ ആ ലിസ്റ്റിലുണ്ട്.

ബേബി അമേയ (പാറുക്കുട്ടി)

ബേബി അമേയ എന്ന പേരിനേക്കാൾ പാറുക്കുട്ടി എന്ന പേരായിരിക്കും പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഏതാനും മാസങ്ങൾ മാത്രം പ്രായം ഉള്ളപ്പോളാണ് അമേയ ഉപ്പും മുളകും എന്ന പരമ്പരയിൽ പാറുക്കുട്ടിയായി അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീടങ്ങോട്ട് മിനിസ്ക്രീനിലെ മിന്നും താരമായി പാറുക്കുട്ടി. ഇന്നും പ്രേക്ഷകർക്ക് അമേയ പാറുക്കുട്ടി തന്നെയാണ്.

അൽസാബിത്ത് (കേശു)

ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ തന്നെ പ്രേക്ഷകർ നെഞ്ചേറ്റിയ മറ്റൊരു താരമാണ് അൽസാബിത്ത് (കേശു). പരമ്പരയിൽ കൊച്ചുകുട്ടിയായിരുന്ന കേശു ഇന്ന വളർന്ന് വലുതായി, ഉത്തരവാദിത്തമുള്ള ഒരു സഹോദരനായി മാറിയിരിക്കുകയാണ്.  ചെറിയ പ്രായത്തിലേ അഭിനയത്തിലേക്ക് എത്തി തന്റെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ഒറ്റയ്ക്ക് ചുമലിലേറ്റിയ അല്‍സാബിത്തിന്റെ ജീവിതകഥ താരത്തിന്റെ ഉമ്മ തന്നെ തുറന്നു പറഞ്ഞിരുന്നു.

ശിവാനി

ഇരട്ടക്കൊമ്പും കെട്ടി തുള്ളിച്ചാടി നടന്നിരുന്ന ഉപ്പും മുളകിലെ ശിവാനി ഇന്ന് ടീനേജ് പെൺകുട്ടിയാണ്. ഭവൻസ് ആദർശ വിദ്യാലയ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് ശിവാനി ഇപ്പോൾ. പ്ലസ് ടു പരീക്ഷ എഴുതി റിസൾട്ടിനായി കാത്തിരിക്കുകയാണ് താരം.

സിദ്ധാർഥ് പ്രഭു (കണ്ണൻ)

തട്ടീം മുട്ടീം എന്ന പരമ്പരയിലെ കണ്ണൻ ആയിട്ടാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും സിദ്ധാർത്ഥ് പ്രഭുവിനെ പരിചയം. പരമ്പരയിൽ കണ്ണന്റെ സഹോദരി മീനാക്ഷി ആയെത്തിയത് സിദ്ധാർഥിന്റെ സ്വന്തം സഹോദരി തന്നെ ആയിരുന്നു. ഫ്ളവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘സുസു’ എന്ന പരമ്പരയിലാണ് സിദ്ധാർഥ് ഇപ്പോൾ അഭിനയിക്കുന്നത്.

By admin