ആനപ്പിണ്ടം കൊണ്ടുള്ള വിഭവങ്ങൾ, മഴക്കാടുകളുടെ പ്രമേയത്തിൽ മെനു, പരിസ്ഥിതി സൗഹാർദ്ദ ആഡംബര റെസ്റ്റോറൻറ്

ഷാങ്ഹായിലെ ഒരു ആഡംബര റെസ്റ്റോറന്റ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ‘പാരിസ്ഥിതിക സൗഹാർദ്ദ പാചകരീതി’ അവതരിപ്പിക്കുന്ന ഈ റസ്റ്റോറന്റിൽ എല്ലാം അല്പം വ്യത്യസ്തമാണ്. മഴക്കാടുകളുടെ പ്രമേയമുള്ള മെനു കാർഡും ശുദ്ധീകരിച്ച ആനപ്പിണ്ടം കൊണ്ടുള്ള ഭക്ഷ്യവിഭവങ്ങളും ആണ് ഈ റെസ്റ്റോറന്റിനെ ശ്രദ്ധേയമാക്കാൻ കാരണം.

ഈ ആശയത്തിന് ഭക്ഷണപ്രിയരിൽ നിന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലർ അതിന്റെ സർഗ്ഗാത്മകതയെ പ്രശംസിക്കുകയും മറ്റുള്ളവർ അതിനെ അരോചകമെന്ന് വിശേഷിപ്പിക്കുകയും ചെയ്തതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്‌നോട്ടിൽ 400,000 -ത്തിലധികം ഫോളോവേഴ്‌സുള്ള പ്രശസ്ത ഫുഡ് ബ്ലോഗർ മിക്സ്യൂസ് കൾനറി നോട്ട്സ്, ഈ റസ്റ്റോറന്റിനെ കുറിച്ച് പങ്കുവെച്ചതോടെയാണ് സോഷ്യൽ മീഡിയ ലോകത്ത് റസ്റ്റോറൻറ് ചർച്ചകേന്ദ്രമായത്.

ഏപ്രിൽ 7 -ന് അപ്‌ലോഡ് ചെയ്ത  വീഡിയോയിൽ, റെസ്റ്റോറന്റിന്റെ അസാധാരണമായ ഓഫറുകളെയും ഭക്ഷണ വിഭവങ്ങളെയും കുറിച്ച് ആഴത്തിലുള്ള  വിവരണം നൽകിയിട്ടുണ്ട്.

പരിസ്ഥിതി സൗഹാർദ്ദ ഭക്ഷണ കേന്ദ്രമായി സ്വയം വിശേഷിപ്പിക്കുന്ന ഈ റെസ്റ്റോറൻറ് പാനീയങ്ങൾ ഒഴികെ 3,888 യുവാൻ (45,900) വിലയ്ക്ക് 15 കോഴ്‌സ് ഭക്ഷണം വാഗ്ദാനം ചെയ്യുന്നു. മരത്തിന്റെ ഇലകൾ, തേൻ പുരട്ടിയ ഐസ് ക്യൂബുകൾ, ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധത്തിന് പേരുകേട്ട റഫ്ലേഷ്യ പൂവിന്റെ ഗന്ധം ലഭിക്കാൻ രൂപകൽപ്പന ചെയ്ത ബ്ലാക്ക് ഗൂ എന്നിവ ഇവിടുത്തെ വിഭവങ്ങളിൽ ഉൾപ്പെടുന്നു.

ബ്ലോഗർ വിവരിക്കുന്നത് അനുസരിച്ച്, ഒരു ചട്ടിയിൽ നട്ട ചെടിയുടെ ഇല പറിച്ചെടുത്ത് സോസിൽ മുക്കി പച്ചയായി കഴിക്കുന്നതിലൂടെയാണ് ഡൈനിംഗ് അനുഭവം ആരംഭിക്കുന്നത്. ഏതായാലും ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ റസ്റ്റോറൻറ് ഒരു ചർച്ചാവിഷയമായി കഴിഞ്ഞു.

(ചിത്രം പ്രതീകാത്മകം)

എല്ലാമുപേക്ഷിച്ച് ഇന്ത്യയിലെത്തി, ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്; ഡാനിഷ് യുവതിയുടെ പോസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin