അഭിഷേക് ശര്‍മക്കും ഹര്‍ഷിത് റാണക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും ബിസിസിഐ വാര്‍ഷിക കരാറിന് സാധ്യത
മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളുടെ വാര്‍ഷിക കരാറിന്‍റെ കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഇന്ത്യൻ കളിക്കാരുടെ വാര്‍ഷിക കരാറുകള്‍ ബിസിസിഐ പ്രഖ്യാപിക്കുമെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. കുറഞ്ഞത് മൂന്ന് ടെസ്റ്റും എട്ട് ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചവരെയാണ് കരാറിന് പരിഗണിക്കുക. ഈ സാഹചര്യത്തില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ, പേസര്‍ ഹര്‍ഷിത് റാണ, ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെ പുതുതായി കരാറില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് പുറമെ ചാമ്പ്യൻസ് ട്രോഫി നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച വരുൺ ചക്രവര്‍ത്തിക്കും കരാര്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരെ എ പ്ലസ് കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്ക് മാറ്റുമെന്നും ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പിന്നീട് ബിസിസിഐ വൃത്തങ്ങള്‍ തന്നെ ഇത് നിഷേധിച്ചിരുന്നു. വാര്‍ഷിക കരാര്‍ പ്രകാരം എ പ്ലസ് കാറ്റഗറി താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടി രൂപയും വാർഷിക പ്രതിഫലം ലഭിക്കും.
2024ലെ വാര്‍ഷി കരാര്‍ പ്രകാരം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് ഗ്രേഡിലുള്ളത്. ഇതില്‍ കോലിയും രോഹിത്തും ജഡേജയും പുറത്തായാല്‍ ബുമ്ര മാത്രമാകും എ പ്ലസ് ഗ്രേഡില്‍. വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ എ പ്ലസ് ഗ്രേഡിലേക്ക് ഉയര്‍ത്തിയേക്കുമെന്നും യശസ്വി ജയ്സ്വാളിനെയും അക്സര്‍ പട്ടേലിനെയും ബി കാറ്റഗറിയില്‍ നിന്ന് എ കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നും സൂചനയുണ്ട്. ഇന്ത്യൻ ടി20 ടീം ഓപ്പണറായി മലയാളി താരം സഞ്ജു സാംസണ്‍ നിലവില്‍ സി കാറ്റഗറിയിലാണ്. സഞ്ജുവിന് ബി കാറ്റഗറിയിലേക്ക് പ്രമോഷന്‍ ലഭിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.