അഭിഷേക് നായരുടെ പുറത്താകലിന് കാരണം, സീനിയർ താരവും സപ്പോർട്ട് സ്റ്റാഫും തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സഹ പരിശീലക സ്ഥാനത്തു നിന്ന് അഭിഷേക് നായരെ പുറത്താക്കാന്‍ കാരണം മോശം പ്രകടനം മാത്രമല്ലെന്ന് റിപ്പോര്‍ട്ട്. ടീമിലെ ഒരു സീനിയര്‍ സൂപ്പര്‍ താരവും സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരു പ്രമുഖ അംഗവും തമ്മിലുള്ള വഴക്കില്‍ അഭിഷേക് നായരെ ബലിയാടാക്കുകയായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ബിസിസിഐ ഉന്നതരും ക്യാപ്റ്റന് രോഹിത് ശര്‍മയും കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും എല്ലാം ഉള്‍പ്പെട്ട അവലോകന യോഗത്തില്‍ അഭിഷേക് നായരുടെ സാന്നിധ്യം ഡ്രസ്സിംഗ് റൂമില്‍ വിപരീത ഫലമാണുണ്ടാക്കുന്നതെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. അതിനെത്തുടര്‍ന്ന് ഗൗതം ഗംഭീറിന്‍റെ വലം കൈയായിരുന്ന അഭിഷേക് നായരെ ഒതുക്കാനായാണ് സീതാന്‍ഷു കൊടാകിനെ ബിസിസിഐ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്‍റെ ബാറ്റിംഗ് പരിശീലകനാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒടുവില്‍ ഗൗതം ഗംഭീറിന്‍റെ ചിറകരിഞ്ഞ് ബിസിസിഐ, കോച്ചിംഗ് സ്റ്റാഫില്‍ അഴിച്ചുപണി; സഹപരിശീലകര്‍ പുറത്ത്

ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷമുള്ള ബിസിസിഐ അവലോകന യോഗത്തില്‍ സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരംഗമാണ് അഭിഷേക് നായരുടെ സാന്നിധ്യം ഡ്രസ്സിംഗ് റൂം അന്തരീക്ഷത്തെ മോശമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഗംഭീര്‍ പരിശീലകലനായപ്പോള്‍ അഭിഷേക് നായരായിരുന്നില്ല ബിസിസിഐയുടെ മനസിലുളള് സഹപരിശീലകനെന്നും ഗംഭീറിന്‍റെ നിര്‍ബന്ധത്തിലാണ് അഭിഷേക് നായരെ സഹപരിശീലകനാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യൻ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഡ്രസ്സിംഗ് റൂം രഹസ്യങ്ങള്‍ പരസ്യമായതും ടീമിലെ ഒരു കളിക്കാരനാണ് അതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ കളിക്കാര്‍ കുടുംബത്തെ കൂടെ കൂട്ടിയതും പരിധിയില്‍ കൂടുതല്‍ ലഗേജുകൾ കൊണ്ടുപോയതും വിവാദമായി. ഇതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് ബിസിസിഐ 10 ഇന പെരുമാറ്റച്ചട്ടം പുറത്തിറക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin