സോണിയേയും രാഹുലിനെയും ചോദ്യം ചെയ്തിട്ട് ഒന്നും കിട്ടിയിട്ടില്ല, ജനങ്ങളെ വിഡ്ഢികളാക്കുന്ന കേസെന്നും കോൺഗ്രസ്
ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി ഒന്നാം പ്രതിയും മകനും പ്രതിപക്ഷനേതാവുമായ രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഉന്നമിട്ടത് രാഷ്ട്രീയമായി തകർക്കാനെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശും അഭിഷേക് മനു സിംഗ്വിയും വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എ ജെ എല്ലിന്‍റെ സാമ്പത്തിക ബാധ്യത യംഗ് ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു. എ ജെ എല്ലിന് 90 കോടിയുടെ കടമുണ്ടായിരുന്നു. കടം ഏറ്റെടുക്കുമ്പോൾ എവിടെയാണ് കള്ളപ്പണ ഇടപാട് നടക്കുകയെന്നും കോൺഗ്രസ് ചോദിച്ചു.
യംഗ് ഇന്ത്യ നോൺ പ്രോഫിറ്റ് ചാരിറ്റബിൾ സ്ഥാപനമാണ്. എ ജെ എല്ലിന്‍റെ എല്ലാ സ്വത്തുക്കളും എ ജെ എല്ലിന് തന്നെയാണ്. ആ സ്വത്തുക്കൾ യംഗ് ഇന്ത്യക്ക് കൈമാറിയിട്ടില്ലെന്നും ജയ്റാം രമേശും അഭിഷേക് മനു സിംഗ്വിയും വിവരിച്ചു. രാഹുൽ ഗാന്ധിയേയും സോണിയേയും ചോദ്യം ചെയ്തിട്ട് ഒന്നും കിട്ടിയിട്ടില്ല. ജനങ്ങളെ വിഡ്ഢികളാക്കുന കേസാണിതെന്നും കോൺഗ്രസ് അഭിപ്രായപ്പെട്ടു. ഇ ഡിയെ ഇലക്ഷൻ ഡിപ്പാർട്ട്മെൻറ് ആക്കുന്നുവെന്ന് മാത്രം. പി എം എൽ എ നിയമം ലംഘിക്കപ്പെട്ടിട്ടില്ല. തുടർ നിയമ വഴിയെന്തെന്ന് ഇപ്പോൾ വ്യക്തമാക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. കേസിനെ കുറിച്ച് വേണ്ടാത്ത കാര്യങ്ങളൊക്കെയാണ് പ്രചരിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തിൽ മാധ്യമങ്ങൾ ആദ്യം വ്യക്തത വരുത്തണമെന്നും സിംഗ്വി ആവശ്യപ്പെട്ടു.
നാഷണൽ ഹെറാൾഡ് കേസ് ഇങ്ങനെ
2014 ല്‍ സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സി ബി ഐയും ഇ ഡിയും അന്വേഷണം തുടങ്ങിയത്. നാഷണല്‍ ഹെറാള്‍ഡ് പത്രം നടത്തിയിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡിനെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടമാരായ യംഗ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. 2000 കോടിക്കടുത്ത് വിലവരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ സ്വത്ത് 50 ലക്ഷം രൂപക്ക് തട്ടിയെടുത്തുനെന്നുവെന്നായിരുന്നു ആരോപണം. ഗാന്ധി കുടുംബവുമായി അടുപ്പമുള്ള സാംപിത്രോദ, സുമന്‍ ഡേ എന്നിവരും പ്രതികളാണ്. 5000 കോടിയുടെ അഴിമതി നടന്നുവെന്നും യംഗ് ഇന്ത്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ജനപ്രതിനിധികള്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി 25 ന് കുറ്റപത്രം അംഗീകരിക്കുന്നതില്‍ വാദം കേള്‍ക്കും.