സുപ്രീംകോടതി കേസ് കേൾക്കുമ്പോൾ ജഡ്മിമാർക്ക് മതമില്ല, കോടതി മതേതരമെന്ന് കേന്ദ്രത്തെ ഓർമിപ്പിച്ച് ചീഫ് ജസ്റ്റിസ്

ദില്ലി: വഖഫ് ബോർഡുകളിൽ മുസ്ലിം ഇതര വ്യക്തികളെ നിയമിക്കാനുള്ള  വ്യവസ്ഥയെ സംബന്ധിച്ച് വലിയ വാദമാണ് ഇന്ന് സുപ്രീംകോടതിയിൽ നടന്നത്. കേന്ദ്ര വഖഫ് കൗൺസിലിൽ ആകെയുള്ള 22 പേരിൽ എട്ടു പേർ മാത്രം മുസ്ലിംങ്ങൾ ആകാനുള്ള സാധ്യതയും നിയമം തുറന്നിടുന്നതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മന്ത്രി അടക്കമുള്ള എക്സ് ഒഫിഷ്യോ അംഗങ്ങളെ അംഗീകരിക്കാം. എന്നാൽ ബാക്കിയുള്ള അംഗങ്ങൾ മുസ്ലിംങ്ങൾ തന്നെയാകണം. ഹിന്ദു ക്ഷേത്രങ്ങളുടെ ഭരണസമിതിയിൽ മുസ്ലിംങ്ങളെ നിങ്ങൾ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. 

കൗൺസിലിൽ രണ്ട് അമുസ്ലിംങ്ങളേ പരമാവധി ഉണ്ടാകൂ എന്ന ഉറപ്പ് എഴുതി നല്കാം എന്നാണ് കേന്ദ്ര സർക്കാർ മറുപടി നല്കിയത്. ഈ വാദം തുടരുന്നതിനിടെയാണ് നിയമത്തിലെ വ്യവസ്ഥ ന്യായീകരിക്കാൻ  സുപ്രീം കോടതി ബെഞ്ചിലെ മൂന്ന് ജഡ്ജിമാരുടെയും മതം സോളിസിറ്റർ ജനറൽ തുഷാർ മേത്ത പരാമർശിച്ചത്.  ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിലെ മൂന്ന് ജഡ്ജിമാരും മുസ്ലിങ്ങൾ അല്ലെന്ന് തുഷാർ മേത്ത പറഞ്ഞു. അതിനാൽ കോടതി ഇത് പരിഗണിക്കുന്നതിനെയും മതാചാരം ചൂണ്ടിക്കാട്ടി എതിർക്കാം എന്നായിന്നു തുഷാർ മേത്ത സൂചിപ്പിക്കാൻ നോക്കിയത്.  

എന്നാൽ ഈ വാദത്തോട്  ചീഫ് ജസ്റ്റിസിന് അതൃപ്തി പരസ്യമാക്കിയാണ് പ്രതികരിച്ചത്.  കേസ്സുകൾ കേൾക്കാൻ ഇരിക്കുമ്പോൾ ജഡ്ജിമാർക്ക് മതം ഇല്ലാതാകും എന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. കോടതി മതേതരമാണ്. വഖഫ് ബോർഡ് അംഗങ്ങളെ എങ്ങനെ ജഡ്ജിമാരുമായി താരതമ്യം ചെയ്യുമെന്നും കോടതി ചോദിച്ചു. ജഡ്ജിമാരായ പി.വി. സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരാണ് ചീഫ് ജസ്റ്റിസിനൊപ്പം കേസ് കേൾക്കുന്ന ബെഞ്ചിലെ അംഗങ്ങൾ. 

വഖഫ് ട്രസ്റ്റ് രൂപീകരണത്തെക്കുറിച്ചുള്ള ഭാഗത്ത് കോടതി ഉത്തരവുകൾ ബാധകമാകില്ല എന്ന വരി നിയമത്തിൽ ചേർത്തതിലും ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചിരുന്നു. കേന്ദ്രത്തിൻറെ നിയമത്തിൽ എങ്ങനെ ആ വരി വന്നെന്ന് തനിക്ക് അറിയില്ല എന്നാണ് തുഷാർ മേത്ത ഇതിനു നല്കിയ മറുപടി. ബഹളം വയ്കകാതെ ഓരോരുത്തരായി വാദിക്കൂ എന്ന നിർദ്ദേശം ഇന്ന് തുടക്കത്തിലേ കോടതി നല്കിയിരുന്നു. 

By admin