‘വൈകാരികമായ സുസ്ഥിതിയില്‍ ആയിരുന്നില്ല’; നാലര മാസങ്ങള്‍ക്ക് ശേഷം വിശദീകരണവുമായി നസ്രിയ

സമൂഹമാധ്യങ്ങളിലടക്കം മാസങ്ങളായി താന്‍ സജീവമല്ലാത്തതിന്‍റെ കാരണം വ്യക്തമാക്കി ചലച്ചിത്ര താരം നസ്രിയ നസിം. വ്യക്തിപരവും വൈകാരികവുമായ പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്‍റെ പാതയിലാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പില്‍ നസ്രിയ അറിയിച്ചു. കഴിഞ്ഞ ദിവസം മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിന് തെര‍ഞ്ഞെടുക്കപ്പെട്ടതിന്‍റെ സന്തോഷം കൂടി പങ്കുവച്ചുകൊണ്ടുള്ളതാണ് കുറിപ്പ്. 

നസ്രിയ നസീമിന്‍റെ കുറിപ്പില്‍ നിന്ന്

കഴിഞ്ഞ ഏതാനും മാസങ്ങളായി വൈകാരികമായി സുസ്തിതിയില്‍ ആയിരുന്നില്ല. വ്യക്തിപരമായ പ്രതിസന്ധികളും നേരിട്ടിരുന്നു. എന്‍റെ 30-ാം പിറന്നാളും പുതുവര്‍ഷവും എന്‍റെ സിനിമ സൂക്ഷ്മദര്‍ശിനിയുടെ വിജയവും മറ്റനേകം നിമിഷങ്ങളും ആഘോഷിക്കാന്‍ എനിക്ക് സാധിച്ചില്ല. എന്തുകൊണ്ട് ഞാന്‍ മിസ്സിംഗ് ആയെന്നും എന്തുകൊണ്ട് നിങ്ങളുടെ ഫോണ്‍ കോളുകള്‍ ഞാന്‍ എടുത്തില്ലെന്നും മെസേജുകള്‍ക്ക് മറുപടി അയച്ചില്ലെന്നും ഉള്ളതിന്‍റെ കാരണം വിശദീകരിക്കാതിരുന്നതിന് എന്‍റെ എല്ലാ സുഹൃത്തുക്കളോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. 

ഇനി പോസിറ്റീവ് ആയ കാര്യം പറയാം. കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്കാരം ഇന്നലെ എനിക്ക് ലഭിച്ചു. ഈ അംഗീകാരത്തിന് വലിയ നന്ദി അറിയിക്കുന്നു. ദുഷ്കരമായ ഒരു യാത്രയായിരുന്നു ഇത്. എന്നാല്‍ ഓരോ ദിവസവും കൂടുതല്‍ നല്ലതായിക്കൊണ്ടിരിക്കുകയാണ് കാര്യങ്ങള്‍. പൂര്‍ണ്ണമായ തിരിച്ചുവരവിന് എനിക്ക് അല്‍പം സമയം കൂടി വേണ്ടിവന്നേക്കും. എന്നാല്‍ വീണ്ടെടുക്കലിന്‍റെ പാതയിലാണ് ഞാന്‍ എന്നത് ഉറപ്പ് നല്‍കുന്നു. ഇത്തരത്തില്‍ അപ്രത്യക്ഷയായി പോയതിന് എന്‍റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒരു വിശദീകരണം കൊടുക്കേണ്ടതുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഈ കുറിപ്പ്. എല്ലാവരോടും സ്നേഹം. പരിധികളില്ലാത്ത പിന്തുണയ്ക്ക് നന്ദി.

ALSO READ : സം​ഗീതം അജയ് ജോസഫ്; ‘എ ഡ്രമാറ്റിക്ക് ഡെത്തി’ലെ വീഡിയോ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin