വെറൈറ്റി മോഷണം, കയറിയത് ആശുപത്രിയിൽ; ഫാര്‍മസിയിലെത്തി ഉറക്ക ഗുളികയുൾപ്പെടെ 6,000 രൂപയുടെ മരുന്ന് മോഷ്ടിച്ചു
ഛണ്ഡിഗഡ്: ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മരുന്ന് മോഷണം പോയതായി പരാതി. ഹരായാനയിലെ പഞ്ച്കൂല സിവില്‍ ആശുപത്രിയിലാണ് 6,000 രൂപ വിലവരുന്ന മരുന്ന് മോഷണം പോയത്. ചൊവ്വാഴ്ചയാണ് മോഷണവിവരം പുറത്തറിയുന്നത്. ആശുപത്രിയിലെ ഒന്നാം നിലയിലെ ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന മരുന്നാണ് മോഷണം പോയത്. മരുന്ന് സൂക്ഷിച്ചിരുന്ന മുറിയിലെ ജനലും വാതിലും തുറന്നിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരുന്ന് നഷ്ടപ്പെട്ടതായി മനസിലാകുന്നത്.
ഉറക്ക ഗുളികയായ ആല്‍പ്രാക്സും സൈക്യാട്രിക് ഡിസോഡറുകള്‍ക്കും ഡ്രഗ് അഡിക്ഷനും ഉപയോഗിക്കുന്ന മരുന്നുകളുമാണ് മോഷണം പോയിരിക്കുന്നത്. സംഭവം മനസിലാക്കിയ ഉടന്‍ തന്നെ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ പൊലീസിനെ വിവരം അറിയിക്കുകയും കണാതായ മരുന്നുകളെ സംബന്ധിക്കുന്ന ലിസ്റ്റ് കൈമാറുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മോഷണം നടന്ന രാത്രിയില്‍ ആറ് സെക്യൂരിറ്റി ജീവനക്കാരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
Read More:ഇസ്രയേല്‍ യുദ്ധവിമാനത്തിന് പറ്റിയ അബദ്ധം! ബോംബ് വര്‍ഷിച്ചത് സ്ഥലം മാറി; വിശദീകരണം നല്‍കി സൈന്യം