കൊച്ചി: മുനമ്പം വിഷയത്തിൽ കേന്ദ്ര മന്ത്രിയുടെ മലക്കം മറിച്ചിലിന് പിന്നാലെ മുനമ്പത്ത് ബിജെപിയെ കുത്തി ഹൈബി ഈഡന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മത്തായിയുടെ സുവിശേഷം ഓര്‍മിപ്പിച്ചാണ് ഹൈബി പോസ്റ്റിട്ടിരിക്കുന്നത്. ‘വിശുദ്ധമായതു നായകള്‍ക്ക് കൊടുക്കരുത്. നിങ്ങളുടെ മുത്തുകള്‍ പന്നികള്‍ക്ക് ഇട്ടുകൊടുക്കരുത്. അവ അത് ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞ് നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം’ എന്ന മത്തായിയുടെ സുവിശേഷം ഉദ്ധരിച്ചാണ് ഹൈബിയുടെ പോസ്റ്റ്.
വഖഫ് ബില്ലുമായി ബന്ധപ്പെട്ട നിലപാടുകളില്‍ ഹൈബിക്കെതിരെ മുനമ്പത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വഖഫ് ബില്ലിലൂടെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഹൈബി ഈഡൻ എംപി പാർലമെന്റിലെ ചർച്ചയിൽ ആരോപിച്ചിരുന്നു. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാൽ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നും ഹൈബി ഈഡൻ അന്ന് പറഞ്ഞു. ഈ ബില്ല് വഴി മുനമ്പത്തുകാർക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണമെന്ന ചോദ്യം പാർലമെന്റിൽ ഉയർത്തിയ അദ്ദേഹം കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമമെന്നും ആരോപിച്ചു.