റീൽസെടുക്കാൻ മകളുടെ കൈയിൽ ഫോൺ കൊടുത്ത് അമ്മ നദിയിലേക്കിറങ്ങി; ഒഴിക്കിൽപ്പെട്ട് കാണാതായ യുവതിക്കായി അന്വേഷണം

ഉത്തരകാശി: റീൽസ് ചിത്രീകരിക്കാൻ വേണ്ടി നദിയിലേക്ക് ഇറങ്ങിയ യുവതിയെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി. അവധി ആഘോഷിക്കാനും ബന്ധുക്കളെ സന്ദർശിക്കാനും  നേപ്പാളിൽ നിന്ന് ഉത്തരാഖണ്ഡിലെത്തിയ യുവതിയെയാണ് ഭാഗീരഥി നദിയിൽ കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

35കാരിയായ നേപ്പാൾ സ്വദേശിനി തന്റെ 11 വയസുള്ള മകൾക്കൊപ്പമാണ് ഉത്തരാഖണ്ഡിലെത്തിയത്. ഗംഗാ നദിയുടെ പ്രധാന കൈവഴിയായ ഭാഗീരഥി നദിയിലെ മണികർണിക ഘാട്ട് സന്ദർശിക്കുന്നതിനിടെയായിരുന്നു അപകടം. ഇവിടെ എത്തിയപ്പോൾ യുവതി തന്റെ മൊബൈൽ ഫോൺ 11കാരിയായ മകളുടെ കൈയിൽ കൊടുത്ത ശേഷം വീഡിയോ ചിത്രീകരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇവർ നദിയിലേക്ക് ഇറങ്ങുകയായിരുന്നു.

ക്യാമറയിലേക്ക് നോക്കി ചിരിച്ചുകൊണ്ട് യുവതി നദിയിലേക്ക് ഇറങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്ന് കാൽ തെറ്റി വീഴുകയും അത് കണ്ടുകൊണ്ട് നിൽക്കുന്ന മകൾ ഉറക്കെ നിലവിളിക്കുകയും ചെയ്യുന്നത് വീഡിയെ ക്ലിപ്പിലുണ്ട്. യുവതി വെള്ളത്തിൽ നിന്ന് എഴുന്നേറ്റ് കരയിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ടെന്നും ശക്തമായ ഒഴിക്കിൽപ്പെട്ട് നദയിൽ മുങ്ങിത്താഴുകയായിരുന്നു.

പരിസരത്തുണ്ടായിരുന്നവർ ഉടൻ തന്നെ അധികൃതരെ വിവരം അറിയിച്ചു. രക്ഷാപ്രവർത്തകരെത്തി നദയിൽ തെരച്ചിൽ തുടങ്ങിയെങ്കിലും യുവതിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. സുരക്ഷ പരിഗണിക്കാതെ ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin