മിന്നലായി സഞ്ജുവും ജയ്സ്വാളും; രാജസ്ഥാന് ഗംഭീര തുടക്കം, പവറില്ലാതെ ഡല്‍ഹി
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാൻ റോയല്‍സിന് അതിവേഗത്തുടക്കം. പവർപ്ലെ അവസാനിക്കുമ്പോള്‍ 63-0 എന്ന നിലയിലാണ് രാജസ്ഥാൻ. യശസ്വി ജയ്സ്വാള്‍ (26), റിയാൻ പരാഗ് (2) എന്നിവരാണ് ക്രീസില്‍. പരുക്കുമൂലം നായകൻ സഞ്ജു സാംസണ്‍ കളം വിട്ടു. 19 പന്തില്‍ 31 റണ്‍സുമായി ബാറ്റ് ചെയ്യുമ്പോഴാണ് സഞ്ജുവിന് പേശിവലിവ് ഉണ്ടായത്.
ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കരുതലോടെ നേരിട്ട് തുടങ്ങിയ സഞ്ജു – ജയ്സ്വാള്‍ സഖ്യം പിന്നീട് സ്കോറിങ്ങിന് വേഗം കൂട്ടുകയായിരുന്നു. പന്ത് ഗ്യാലറിയില്‍ നിക്ഷേപിച്ചായിരുന്നു മുകേഷ് കുമാറിനെ സഞ്ജു വരവേറ്റത്. പിന്നീട് ജയ്സ്വാളും സഞ്ജുവിന്റെ പാതയിലേക്ക് കടന്നു. രണ്ടാം ഓവറിലെ മൂന്നാം പന്ത് ലോങ് ഓണിന് മുകളിലൂടെയാണ് ഇടം കയ്യൻ ബാറ്റര്‍ പായിച്ചത്. 14 റണ്‍സായിരുന്നു മുകേഷിന്റെ ഓവറില്‍ രാജസ്ഥാൻ നേടിയത്.
തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്കിനെ കരുതലോടെയായിരുന്നില്ല കടന്നാക്രമിച്ചായിരുന്നു ജയ്സ്വാള്‍ നേരിട്ടത്. രണ്ടാം പന്ത് പോയിന്റിലൂടെ ഫോര്‍. മൂന്നാം പന്ത് ഡീപ് ബാക്ക്‌വേഡ് സ്ക്വയറിലൂടെ സിക്സ്. അടുത്ത പന്ത് മിഡ് വിക്കറ്റിലൂടെയും ബൗണ്ടറി വര കടന്നു. ഓസീസ് പേസറിന്റെ ഓവറില്‍ 19 റണ്‍സാണ് രാജസ്ഥാൻ ഓപ്പണര്‍ അടിച്ചെടുത്തത്. ഇതോടെ പ്രതീക്ഷിച്ച തുടക്കം നേടിയെടുക്കാൻ സഞ്ജുവിന്റെ സംഘത്തിനായി.
നാലാം ഓവറിലും മുകേഷിലായിരുന്നു അക്സര്‍ പട്ടേല്‍ വിശ്വാസം അര്‍പ്പിച്ചത്. എന്നാല്‍, ലോങ് ഓണിന് മുകളിലൂടെ 90 മീറ്റര്‍ സിക്സര്‍ നേടി സഞ്ജു തന്റെ സ്കോര്‍ രണ്ടക്കം കടത്തി. പക്ഷേ, മുകേഷ് ശക്തമായി തിരിച്ചുവന്നതോടെ ഓവറില്‍ ബൗണ്ടറികള്‍ പിന്നീട് വന്നില്ല. എങ്കിലും 10 റണ്‍സ് നാലാം ഓവറിലും ചേര്‍ക്കാൻ രാജസ്ഥാന് കഴിഞ്ഞു.
റണ്ണൊഴുക്ക് തടയാൻ പരിചസമ്പന്നനായ മോഹിത് ശര്‍മയാണ് അഞ്ചാം ഓവര്‍ എറിയാനെത്തിയത്. സഞ്ജുവിനെ പുറത്താക്കാനുള്ള അവസരം മോഹിത് സൃഷ്ടിച്ചെങ്കിലും പന്ത് കൈപ്പിടിയിലൊതുക്കാൻ അഷുതോഷിനായില്ല. ഇതോടെ രാജസ്ഥാൻ സഖ്യത്തിന്റെ കൂട്ടുകെട്ട് 50ലെത്തി. അഞ്ചാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് സ്കോറിലേക്ക് ചേര്‍ക്കാനായത്.
പവർപ്ലെയിലെ അവസാന ഓവർ എറിയാനെത്തിയ വിപ്രജിനും രക്ഷയുണ്ടായില്ല. ആദ്യ രണ്ട് പന്തില്‍ ഫോറും സിക്സും സഞ്ജു നേരിട്ടു. മൂന്നാം പന്തില്‍ റണ്‍സ് കണ്ടെത്താനുള്ള ശ്രമത്തിനിടെ സഞ്ജുവിനെ പേശിവലിവ് അനുഭവപ്പെടുകയും റിട്ടയർഡ് ഹർട്ടാവുകയും ചെയ്തു.