ന്യൂയോർക്ക്: ഹാർവാർഡ് സർവകലാശാലയ്ക്ക് നേരെ പുതിയ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. സർവകലാശാല മാപ്പു പറഞ്ഞില്ലെങ്കിൽ നികുതിയില്ലാ ആനുകൂല്യം റദ്ദാക്കും. രാഷ്ട്രീയ സ്ഥാപനമായി കണക്കാക്കി നികുതി ചുമത്തുമെന്ന് പ്രഖ്യാപനം. അക്കാദമിക് സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള ട്രംപിന്റെ നീക്കത്തെ ചെറുക്കുന്ന ഹാർവാഡിനെ അഭിനന്ദിച്ച് മുൻ പ്രസിഡന്റ് ഒബാമ.
ലോകപ്രശസ്തമായ ഹാർവാഡ് സർവ്വകലാശാലയ്ക്കുള്ള സർക്കാർ ധനസഹായം നിർത്തിയതായി ഇന്നലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. കോഴ്സ് പ്രവേശന നടപടികളിൽ അടക്കം ഇടപെടാനുള്ള ട്രംപിന്റെ നീക്കം യൂണിവേഴ്‌സിറ്റി തടഞ്ഞതോടെയാണ് പ്രതികാര നടപടി. തന്റെ ആവശ്യങ്ങൾ അംഗീകരിയ്ക്കും വരെ 200 കോടി ഡോളർ സഹായം നൽകില്ലെന്ന് ട്രംപ് വിശദമാക്കുന്നത്. എന്നാൽ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നാണ് സർവകലാശാല പ്രതികരിക്കുന്നത്. 389 വർഷം പഴക്കമുള്ള ഹാർവാർഡ് സർവ്വകലാശാലയിൽ നിന്നാണ് വിഖ്യാത പ്രതിഭകൾ പഠിച്ചിറങ്ങിയത്.
സർവ്വകലാശാലയിലെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം സംബന്ധിച്ച് വൈറ്റ് ഹൌസിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ തള്ളി മണിക്കൂറുകൾക്കുള്ളിലാണ് ട്രംപിന്റെ തീരുമാനം എത്തുന്നത്. ജൂത വിരുദ്ധത തടയാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങളെന്നാണ് വൈറ്റ് ഹൌസിൽ നിന്ന് സർവ്വകലാശാലയ്ക്ക് നൽകിയ നിർദ്ദേശങ്ങൾ വ്യക്തമാക്കുന്നത്. ഹാർവാർഡ് കമ്യൂണിറ്റിയെ നിയന്ത്രിക്കാനുള്ള ട്രംപിന്റെ ശ്രമം എന്നാണ് നിർദ്ദേശത്തെ സർവ്വകലാശാല നിരീക്ഷിക്കുന്നത്. സമാനമായ ട്രംപിന്റെ നയങ്ങളെ പ്രത്യക്ഷമായി എതിർക്കുന്ന പ്രമുഖ സർവ്വകലാശാലകളിലൊന്നാണ് ഹാർവാർഡ്.
സർവ്വകലാശാലകളിൽ ഗാസ അനുകൂല പ്രതിഷേധങ്ങൾ വലിയ രീതിയിൽ വന്നതിന് പിന്നാലെ ക്യാംപസിലെ ജൂത വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് ട്രംപ് നേരത്തെയും വിമർശനം ഉയർത്തിയിരുന്നു. സർവ്വകലാശാലയുടെ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും അടിയറവ് വയ്ക്കില്ലെന്നാണ് സർവ്വകലാശാല പ്രസിഡന്റ് വിശദമാക്കിയിട്ടുള്ളത്.
അതിനിടെ, വ്യാപാര യുദ്ധത്തിലും പ്രതികരണമുണ്ടായി. പന്ത് ചൈനയുടെ കോർട്ടിലെന്ന് പ്രസിഡന്റ് ട്രംപ്. ചർച്ചക്ക് ചൈന മുൻകൈയെടുക്കണം. ചൈനയെ അങ്ങോട്ട് സമീപിച്ച് കരാറിന് ശ്രമിക്കേണ്ട ആവശ്യം യുഎസിനില്ല. ഷി ജിൻ പിങ്ങിന്റെ വിയറ്റ്നാം, കംബോഡിയ, മലേഷ്യ സന്ദർശനം അമേരിക്കയെ ദ്രോഹിക്കാൻ എന്നും ട്രംപ്. 10 രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നു എന്ന് വൈറ്റ് ഹൌസ്. യുകെ, ഓസ്ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾക്ക് മുൻഗണന.