മരിച്ച് പോയ അമ്മയുടെ പെന്ഷന് മൂന്ന് വര്‍ഷത്തോളം വാങ്ങിയത് മകൾ; അതിന് വിചിത്രമായ കാരണവും
മരിച്ചുപോയ അമ്മയുടെ പെൻഷൻ മൂന്ന് വർഷക്കാലത്തോളം മകൾ വാങ്ങി. ‘അമ്മ മരിച്ചുപോയി’ എന്ന കാര്യം അംഗീകരിക്കാൻ തനിക്ക് കഴിയാത്തതിനാലും അമ്മയുടെ ഓർമ്മകൾ എന്നെന്നും നിലനിർത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു കാര്യം ചെയ്തത് എന്നാണ് പിടിക്കപ്പെട്ടപ്പോൾ ഇവർ നടത്തിയ ന്യായീകരണം. ആ പണം ഉപയോഗിച്ച് താൻ അമ്മയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന കല്ലറയിലേക്ക് പൂക്കൾ വാങ്ങുകയാണ് ചെയ്തതെന്നും ഐറിഷ് സ്വദേശിയായ സ്ത്രീ അവകാശപ്പെട്ടു.
മീത്ത് കൗണ്ടിയിലെ ബെറ്റിസ് ടൗണിലുള്ള മക്ഡൊണാഗ് പാർക്കിൽ നിന്നുള്ള 56 -കാരിയായ കാതറിൻ ബൈർൺ അമ്മയുടെ മരണം രജിസ്റ്റർ ചെയ്യാതെ അവരുടെ പെൻഷൻ മൂന്ന് വർഷക്കാലത്തോളമാണ് കൈപ്പറ്റിയത്. 2019 -ലാണ് ഇവരുടെ അമ്മ മരണപ്പെടുന്നത്. അന്ന് മുതൽ 2022 വരെ കാതറിൻ അമ്മയുടെ പേരിലുള്ള വിധവാ പെൻഷനും അലവൻസും കൈപ്പറ്റിയിരുന്നു. എന്നാൽ ഇതിനിടയിൽ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. ഇതോടെ ഡണ്ടാൽക്ക് സർക്യൂട്ട് കോടതിയിൽ കാതറിനെതിരെ കേസ് നൽകി. ഡ്രോഗെഡയിലെ വെസ്റ്റ് സ്ട്രീറ്റ് പോസ്റ്റ് ഓഫീസ് വഴിയാണ് താൻ പണം സ്വീകരിച്ചതെന്ന് ഇവർ സമ്മതിച്ചു. താൻ ചെയ്ത കാര്യത്തിൽ തനിക്ക് ഒരു കുറ്റബോധവുമില്ലെന്നും തന്റെ അമ്മയുടെ ഓർമ്മകൾ നിലനിർത്തുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അവർ വിശദീകരിച്ചു. താൻ കൈപ്പറ്റിയ പണം മുഴുവൻ തിരികെ നൽകുമെന്നും അവർ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
Read More: 17 ഡോക്ടർമാർ പരാജയപ്പെട്ടു, പിന്നാലെ നാല് വയസുകാരനില്‍ അപൂർവ രോഗം കണ്ടെത്തി ചാറ്റ് ജിപിടി
കോടതിയിൽ കേസ് പരിഗണിച്ച ജഡ്ജി ഡാര ഹെയ്സ് അമ്മയുടെ മരണം കാതറിനിൽ ഉണ്ടാക്കിയ ദുഃഖം മനസ്സിലാക്കുന്നുവെങ്കിലും മരണം രജിസ്റ്റർ ചെയ്യാതിരുന്നത് ഗുരുതരമായ പിഴവായി കണക്കാക്കുന്നതായി പറഞ്ഞു. കൂടാതെ മൂന്ന് വർഷക്കാലം അത് തുടർന്നത് തട്ടിപ്പായി കണക്കാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാൻ നടത്തിയ ബോധപൂർവ്വമായ ശ്രമത്തെ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കേണ്ടിയിരിക്കുന്നുവെന്നും വിലയിരുത്തി. പണം തിരിച്ച് നൽകണമെന്ന വ്യവസ്ഥയിൽ രണ്ട് വർഷത്തെ തടവാണ് കോടതി കാതറിന് വിധിച്ചത്. എന്നാൽ, ജയിൽവാസം ഒഴിവാക്കുന്നതിനായി 240 മണിക്കൂർ കമ്മ്യൂണിറ്റി സേവനം ‘ചെയ്താൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.