ബാറ്റിംഗ് തുടങ്ങും മുമ്പ് അമ്പയറുടെ ബാറ്റ് പരിശോധന, ബാറ്റ് മാറ്റാന്‍ നിര്‍ബന്ധിതരായി 2 കൊല്‍ക്കത്ത താരങ്ങള്‍

മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ രണ്ട് കൊല്‍ക്കത്ത താരങ്ങളുടെ ബാറ്റ് പരിശോധിച്ച് അമ്പയര്‍മാര്‍. കൊല്‍ക്കത്തയുടെ റണ്‍ ചേസ് തുടങ്ങും മുമ്പ് വെടിക്കട്ട് ഓപ്പണറായ സുനില്‍ നരെയ്നിന്‍റെയും കൊല്‍ക്കത്ത ബാറ്റിംഗിനിടെ ക്രീസിലെത്തിയപ്പോള്‍ പേസര്‍ ആന്‍റിച്ച് നോര്‍ക്യയുടെയും ബാറ്റുകളാണ് അമ്പയര്‍ പരിശോധിച്ചത്.

ഇതില്‍ സുനില്‍ നരെയ്നിന്‍റെ ബാറ്റിഗ് അനുവദനീയമായ ഭാരത്തില്‍ കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്പയര്‍ ബാറ്റ് മാറ്റാന്‍ നിര്‍ദേശിച്ചു. ബാറ്റിംഗിനിറങ്ങാനായി ബൗണ്ടറി ലൈനിന് തൊട്ടരികില്‍ നില്‍ക്കുമ്പോഴാണ് റിസര്‍വ് അമ്പയറായ സയ്യിദ് ഖാലിദ് നരെയ്നിന്‍റെ ബാറ്റ് പരിശോധിച്ചത്. ഇതിനൊപ്പം കൊല്‍ക്കത്തയുടെ മറ്റൊരു താരമായ അംഗ്രിഷ് രഘുവംശിയുടെ ബാറ്റും അമ്പയര്‍ പരിധോശിച്ചു. നരെയ്നിന്‍രെ ബാറ്റിന് ഭാരക്കൂടുതലുണ്ടെന്ന് വ്യക്തമാക്കിയ അമ്പയര്‍ ബാറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു.

രോഹിത്തും കോലിയുമെല്ലാം പിന്നിൽ, മുന്നിൽ ധോണി മാത്രം, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനാവാൻ ശ്രേയസ്

എന്നാല്‍ തന്‍റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ച നരെയ്നിന്‍റെ വാദങ്ങള്ർ അമ്പയര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് നരെയ്ന് ബാറ്റ് മാറ്റേണ്ടിവന്നു. മത്സരത്തില്‍ നാലു പന്ത് മാത്രം നേരിട്ട നരെയ്ന്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. കൊല്‍ക്കത്ത ഇന്നിംഗ്സിനിടെ പതിനാറാം ഓവറില്‍ പതിനൊന്നാമനായി ക്രീസിലെത്തിയ ആന്‍റിച്ച് നോര്‍ക്യയയുടെ ബാറ്റ് ഓണ്‍ ഫീല്‍ഡ് അമ്പയറായ മോഹിത് കൃഷ്ണദാസും ശശിധരന്‍ കുമാറും ചേര്‍ന്നാണ്  പരിശോധിച്ചത്. അനുവദനീയമായ വലിപ്പത്തില്‍ കൂടുതലുണ്ടെന്ന് കണ്ടെത്തിയതോടെ ബാറ്റ് മാറ്റാന്‍ അമ്പയര്‍ നിര്‍ദേശിച്ചു.

തുടര്‍ന്ന് സബ്സ്റ്റിറ്റ്യൂട്ടായ റഹ്മാനുള്ള ഗുര്‍ബാസ് വേറെ ബാറ്റുമായി ക്രീസിലെത്തി. എന്നാല്‍ ആന്ദ്രെ റസലിനെ മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ ബൗള്‍ഡാക്കിയതിനാല്‍ ഒരു പന്ത് പോലും നേരിടേണ്ട ആവശ്യം നോര്‍ക്യക്ക് ഉണ്ടായില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 111 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ കൊല്‍ക്കത്ത 95 റണ്‍സിന് ഓള്‍ ഔട്ടായി 16 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വി വഴങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin