ബഹ്റൈനിൽ ശക്തമായ പൊടിക്കാറ്റ്, ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥ വിഭാഗം
മനാമ: ബഹ്റൈന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്. ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശി. കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് ബഹ്റൈന്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് തിങ്കളാഴ്ച അര്‍ധരാത്രി പൊടിക്കാറ്റ് ആരംഭിച്ചത്.
അന്തരീക്ഷത്തില്‍ പൊടി ഉയര്‍ന്നത് മൂലം ദൃശ്യപര്യത ഗണ്യമായി കുറഞ്ഞു. പൊടിക്കാറ്റ് ഒരാഴ്ച വരെ തുടരാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാനും തിരമാലകൾ മൂന്ന് അടിവരെയും അകക്കടലിൽ ഏഴ് അടിവരെയും ഉയരാൻ സാധ്യതയുണ്ട്. പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസുമായിരിക്കും.
Read Also – ആര്‍ക്കും സംശയം തോന്നില്ല, കപ്പലിൽ എത്തിയ ചരക്കിൽ റഫ്രിജറേറ്റർ, ഉദ്യോഗസ്ഥരുടെ സുരക്ഷാ പരിശോധനക്കിടെ കുടുങ്ങി
അതേസമയം ഖത്തറിലും ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. തലസ്ഥാന നഗരിയായ ദോഹ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ പൊടിക്കാറ്റ് വീശിയടിച്ചു. ഈ സാഹചര്യത്തിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നിര്‍ദേശിച്ചു. കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഖത്തർ കാലാവസ്ഥാ വിഭാഗം നൽകിയ മുന്നറിയിപ്പിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലർച്ചെയോടെ പൊടിക്കാറ്റ് തുടങ്ങിയത്.
പൊടിപടലങ്ങൾ കാരണം കാഴ്ച പരിധി ഒരു കിലോമീറ്ററിൽ താഴെയായി കുറഞ്ഞു. റോഡിലെ കാഴ്ചവരെ മറക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വാഹന യാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. തണുപ്പിൽ നിന്നും ചൂടിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് പൊടിക്കാറ്റിന്റെ വരവ്. ഒരാഴ്ച്ചവരെ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. രാജ്യത്ത് താപനിലയും ഉയരും. തീരപ്രദേശങ്ങളില്‍ ശക്തമായ രീതിയില്‍ പൊടിക്കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്.