ഫിനിഷ് ചെയ്യും മുൻപ് ആഘോഷം! മൈക്രൊ സെക്കൻഡ് വ്യത്യാസത്തില്‍ ഇന്ത്യൻ താരത്തിന് മെഡല്‍ നഷ്ടം, വീഡിയോ

ജയം നൂറ് ശതമാനം ഉറപ്പിക്കാതെ ആഘോഷിക്കാൻ പാടുണ്ടോ. അത്തരം ആഘോഷങ്ങള്‍ മൂലമുണ്ടാകുന്ന അശ്രദ്ധയില്‍ ഒരു സ്വര്‍ണമെഡല്‍ തന്നെ നഷ്ടമായാലോ? 

അണ്ടര്‍ 18 ഏഷ്യൻ ചാമ്പ്യൻഷിപ്പിലാണ് സംഭവം. ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ റേസ്‌വാക്ക് നടക്കുകയാണ്. ചൈനീസ് താരം ഷൂ നിങ്‍‌ഹാവോയും ഇന്ത്യൻ താരം നിതിൻ ഗുപ്തയും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. അവസാന 50 മീറ്ററിലേക്ക് കടക്കുമ്പോള്‍ നിതിനാണ് മുൻതൂക്കമുള്ളത്. 

എന്നാല്‍, ഫിനിഷിങ്ങിന് തൊട്ടുമുൻപ് കൈകളുയര്‍ത്തി നിതിൻ വിജയാഘോഷം നടത്തി. ആ സെക്കൻഡില്‍ നിതിന്റെ വേഗതകുറയുകയും നിങ്‍‌ഹാവോ ഒപ്പമെത്തുകയും ചെയ്തു. അവസാന മീറ്ററുകളിലേക്ക് കടന്നപ്പോള്‍ ഫോട്ടോഫിനിഷിലേക്ക് കാര്യങ്ങള്‍ നീങ്ങി.

സമയം പരിശോധിച്ചപ്പോഴാണ് ആഘോഷം മൂലം ഒരു മെഡല്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായതായി അറിഞ്ഞത്.  20:21.50 സെക്കൻഡിലായിരുന്നു ചൈനീസ് താരം ഫിനിഷ് ചെയ്തത്. മറുവശത്ത് നിതിൻ ഓട്ടം പൂര്‍ത്തിയാക്കിയത് 20:21.51 സെക്കൻഡിലും. മൈക്രൊ സെക്കൻഡുകളുടെ വ്യത്യാസത്തില്‍ വെള്ളികൊണ്ട് ഇന്ത്യൻ താരത്തിന് തൃപ്തിപ്പെടേണ്ടി വന്നു.

അണ്ടര്‍ 18 ഏഷ്യൻ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ മെഡലാണിത്. നിലവില്‍ 5,000 മീറ്റര്‍ അണ്ടര്‍ 20 വിഭാഗത്തിലെ ഏറ്റവും മികച്ച സമയം നിതിന്റെ പേരിലാണ്. 19:24.48 സെക്കൻഡാണ് നിതിൻ കുറിച്ച റെക്കോര്‍ഡ്. 

മറ്റ് മത്സരങ്ങളില്‍ പെണ്‍കുട്ടികളുടെ 100 മീറ്റ‍ര്‍ ഹീറ്റ്സില്‍ 11.85 സെക്കൻഡില്‍ ഫിനിഷ് ചെയ്ത് ഫൈനലിന് യോഗ്യത നേടി. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് ഹീറ്റ്സില്‍ താരം പുറത്തെടുത്തത്.

പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ എഡ്‌വിന ജേസണും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. 56.96 സെക്കൻഡിലാണ് താരം ഫിനിഷ് ചെയ്തത്.

By admin