പിഎസ്എല്ലോ ഐപിഎല്ലോ, ഏതിനൊപ്പം? പാക് മാധ്യമപ്രവർത്തകന് ചുട്ടമറുപടിയുമായി ഇംഗ്ലണ്ട് താരം

പാകിസ്ഥാൻ സൂപ്പര്‍ ലീഗോ, ഇന്ത്യൻ പ്രീമീയര്‍ ലീഗോ, ഏത് ടൂര്‍ണമെന്റ് തിരഞ്ഞെടുക്കുമെന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ഇംഗ്ലണ്ട് താരം സാം ബില്ലിങ്സ്. പിഎസ്എല്ലില്‍ ലാഹോ‍ര്‍ ഖലന്ധേഴ്സിനായി കളിക്കുന്ന താരമാണ് ബില്ലിങ്സ്. കറാച്ചി കിംഗ്സുമായുള്ള മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു സംഭവം. നര്‍മം കലര്‍ത്തിയാണ് ബില്ലിങ്സ് മറുപടി തുടങ്ങിയത്.

“ഞാൻ എന്തെങ്കിലും നിസാരമായ മറുപടി പറയണമെന്നാണോ താങ്കള്‍ ആഗ്രഹിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റ് ഐപിഎല്‍ ആണ് എന്ന യാഥാര്‍ത്ഥ്യം അവഗണിക്കാനാകില്ല. മറ്റ് ടൂര്‍ണമെന്റുകളെല്ലാം ഐപിഎല്ലിന് പിന്നിലാണ്,” ബില്ലിങ്സ് വ്യക്തമാക്കി.

ബില്ലിങ്സിന്റെ വാക്കുകള്‍ മറ്റ് ലീഗുകളുമായുള്ള താരതമ്യങ്ങളിലേക്കും നയിച്ചിട്ടുണ്ട്. 2015ല്‍ ആരംഭിച്ച പിഎസ്എല്ലിന് താരതമ്യേന ആഗോള സ്വീകാര്യത കുറവാണ്. മറുവശത്ത് സാമ്പത്തികമായും സ്വീകാര്യതയുടെ കാര്യത്തിലും ബഹുദൂരം മുന്നിലാണ് ഐപിഎല്‍. ഇതിനുപുറമെ ക്രിക്കറ്റ് ലോകത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുക്കുന്ന ഏക ടൂര്‍ണമെന്റുകൂടിയാണ് ഐപിഎല്‍. 

പിഎസ്എല്‍ പോലെ മികച്ച രണ്ടാമത്തെ ടൂര്‍ണമെന്റാകാനുള്ള ശ്രമമാണ് ഇംഗ്ലണ്ടിലും നടക്കുന്നത്. ബിഗ് ബാഷും ഇതുതന്നെയാണ് ശ്രമിക്കുന്നത്. പിഎസ്എല്ലിനെ ചെറുതാക്കി കാണിക്കാനല്ല പ്രസ്താവന. മറിച്ച് ഐപിഎല്‍ ആരാധകര്‍ക്കിടയില്‍ മാത്രമല്ല ആഘോഷിക്കപ്പെടുന്നത് താരങ്ങള്‍ക്കിടയില്‍ക്കൂടിയാണെന്നും ബില്ലിങ്സ് ഓര്‍മിപ്പിച്ചു.

നേരത്തെ വാര്‍ണറുമായും പാക് മാധ്യമപ്രവര്‍ത്തകര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. ഐപിഎല്ലില്‍ ഒരു ടീമും വാങ്ങത്തതിനെ തുടര്‍ന്നാണ് പിഎസ്എല്ലിലേക്ക് വാര്‍ണറിന് പോകേണ്ടി വന്നതെന്ന് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകര്‍ ട്രോളുന്നുവെന്നാണ് ഒരു പാക് മാധ്യമപ്രവര്‍ത്തകൻ അവകാശപ്പെട്ടത്. എന്നാല്‍, ഇത്തരം പ്രചാരണങ്ങളെയെല്ലാം വാര്‍ണര്‍ തള്ളുകയാണ് ചെയ്തത്.

“ഇത്തരമൊരു സംഭവം ഞാൻ ആദ്യമായി കേള്‍ക്കുകയാണ്. എനിക്ക് ക്രിക്കറ്റ് കളിക്കണം, മത്സരിക്കണം, കറാച്ചി കിംഗ്സിനെ നയിക്കണം. കിരീടം നേടുകയാണ് ലക്ഷ്യം,” വാര്‍ണര്‍ പറഞ്ഞു.

By admin