ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരികളെ കൈവിട്ട് നിക്ഷേപകർ; ഇടിവ് സെബിയുടെ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ
മുംബൈ ഓഹരി വിപണിയിൽ ഇന്ന് ശ്രദ്ധനേടി ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരികൾ. സെക്യൂരിറ്റീസ് മാർക്കറ്റുകളിൽ നിന്ന് പ്രൊമോട്ടർമാരെ സെബി വിലക്കിയതോടെ നിക്ഷേപകർ പിൻവാങ്ങി. ഇതോടെ ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരി വില ഇന്ന് അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. അതായത്, ബിഎസ്ഇയിൽ ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരി വില 4.99 ശതമാനം ഇടിഞ്ഞ് ഒരു ഓഹരിക്ക് 123.65 രൂപയിലെത്തി.
സെബി പ്രൊമോട്ടർമാരായ അൻമോൾ സിംഗ് ജഗ്ഗിയെയും പുനീത് സിംഗ് ജഗ്ഗിയെയും സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്ന് വിലക്കിയതിനെത്തുടർന്നാണ് ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരികൾക്ക് കാലിടറിയത്. പ്രൊമോട്ടർമാർ കമ്പനി ഫണ്ടുകൾ ദുരുപയോഗം ചെയ്തതായി സെബി ആരോപിച്ചു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച് 9:34 ഓടെ തന്നെ ജെൻസോൾ എഞ്ചിനീയറിംഗ് ഓഹരി വില 4.99 ശതമാനം ഇടിഞ്ഞു. കമ്പനിയുടെ വിപണി മൂലധനം 469.90 കോടി രൂപയായി. മാത്രമല്ല, കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് ഓഹരി വില എത്തുകയും ചെയ്തു.
സെബിയുടെ അന്വേഷണത്തിൽ കമ്പനിക്ക് അനുവദിച്ച ടേം ലോണുകളുടെ ഫണ്ടുകൾ കമ്പനി മറ്റ് കാര്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്തി. ഈ ഫണ്ട് പ്രൊമോട്ടർമാരുടെ വ്യക്തിഗത ചെലവുകൾക്കും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്കും അടുത്ത ബന്ധുക്കളുടെയോ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയും ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഏകദേശം 262 കോടി രൂപയുടെ വായ്പകളാണ് കണക്കിൽപ്പെടാതെയുള്ളത്. സെബിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ഇത് പുറത്തുവന്നതോടെ കമ്പനിയുടെ സ്റ്റോക്ക് വിഭജനവും സെബി നിർത്തിവെച്ചിരുന്നു. ജെൻസോളിന്റെയും അനുബന്ധ കമ്പനികളുടെയും അക്കൗണ്ടുകൾ പരിശോധിക്കാൻ ഒരു ഫോറൻസിക് ഓഡിറ്ററെ നിയമിക്കുമെന്നും നിയമനം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ അവർ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്.