ജലദോഷത്തിന് ചികിത്സക്കെത്തിയ കുട്ടിക്ക് സി​ഗരറ്റ് വലിയ്ക്കാൻ നൽകി, ഡോക്ടർക്ക് സ്ഥലം മാറ്റം

ജലൗണ്‍ (യുപി): ജലദോഷത്തിന് ചികിത്സ തേടിയെത്തിയ 5 വയസ്സുകാരന് സി​ഗരറ്റ് വലിയ്ക്കാൻ നൽകിയ ഡോക്ടർക്ക് സ്ഥലംമാറ്റം. ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിലെ കുത്തൗണ്ട് എന്ന സ്ഥലത്തെ സെൻട്രൽ ഹെൽത്ത് സെന്ററിലാണ് സംഭവം. വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടിയെടുത്തത്.  ആരോപണവിധേയനായ ഡോക്ടർ സുരേഷ് ചന്ദ്രയെ സ്ഥലം മാറ്റി. ഡോക്ടർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നരേന്ദ്ര ദേവ് ശർമ്മ പറഞ്ഞു.

ചികിത്സക്കെത്തിയ അഞ്ച് വയസ്സ് പ്രായമുള്ള ആൺകുട്ടിയോട് വായിൽ സിഗരറ്റ് വയ്ക്കാൻ ഡോക്ടർ ചന്ദ്ര ആവശ്യപ്പെടുന്നത് വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഡോക്ടർ സിഗരറ്റ് കത്തിച്ച് വലിക്കാൻ പലതവണ ആവശ്യപ്പെട്ടു. മാർച്ച് 28 ന് നടന്ന സംഭവത്തിൽ മുഖ്യമന്ത്രി ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡോക്ടറെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയതായി ശർമ്മ പറഞ്ഞു. അഡീഷണൽ സിഎംഒ ഡോ. എസ്ഡി ചൗധരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും.  

By admin