ചൈനയ്ക്ക് മേൽ വീണ്ടും നികുതിയോ? 245% വരെ തീരുവ ചുമത്തിയെന്ന് വൈറ്റ്ഹൗസ്, വ്യാപരയുദ്ധം മുറുന്നു
വാഷിംഗ്ടൺ: ചൈനയ്ക്ക് മേലുള്ള നികുതി അമേരിക്ക വർദ്ധിപ്പിച്ചതായി റിപ്പോർട്ട്. യുഎസിലേക്ക് ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ ഇപ്പോൾ 245% വരെ തീരുവ നൽകണം. അമേരിക്കയുടെ ഈ തീരുമാനത്തോടെ വ്യാപാര യുദ്ധം അതിൻ്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്ക, ചൈനയ്ക്കെതിരെയുള്ള തീരുവ 145 ശതമാനമായി ഉയർത്തിയത്. ഇതിന് തിരിച്ചടിയായി ചൈന ബോയിംഗ് ജെറ്റുകളുടെ വിതരണം നിർത്താൻ തങ്ങളുടെ വിമാനക്കമ്പനിളോട് ഉത്തരവിട്ടിരുന്നു. ഇതിന് ശേഷമാണ് അമേരിക്കയുടെ ഭാഗത്തുനിന്നും വീണ്ടും താരിഫ് വർദ്ധന ഉണ്ടായിരിക്കുന്നത്. എന്നാൽ ഇത് പുതിയ താരിഫ് എർപ്പെടുത്തിയതല്ലെന്നും ചില ഉൽപ്പന്നങ്ങൾക്ക് മാത്രം 245 ശതമാനം താരിഫ് നേരിടേണ്ടിവരുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്. അതയായത്, ചില ഉത്പന്നങ്ങളുടെ തീരുവ 2025 ന് മുമ്പ് 100 ശതമാനം നിരക്ക്, ഫെന്റനൈൽ ലെവിയുടെ 20 ശതമാനം, 125 ശതമാനം പരസ്പര താരിഫ് എന്നിവ സംയോജിപ്പിച്ച് ആകെ 245 ശതമാനം തീരുവയാണ് ഇത് എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ട്രംപിന്‍റെ ‘പ്രതികാര ചുങ്കത്തി’നെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ചൈനയുടെ നിലപാട്. ചർച്ചകൾക്ക് തയ്യാറാണെന്ന് ചൈന അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന് ചൈനയായിട്ട് മുൻകൈ എടുത്ത് മുന്നോട്ട് വരണമെന്നാണ് അമേരിക്കയുടെ നിലപാട്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 145% തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിന് മറുപടിയെന്നോണം ബോയിംഗ് വിമാനങ്ങളുടെ ഡെലിവറി നിർത്താൻ ചൈന വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. യുഎസ് കമ്പനികളിൽ നിന്ന് വിമാനവുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളും പാർട്സുകളും വാങ്ങുന്നത് നിർത്താൻ ചൈനീസ് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടത് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു. ചൈന ഓർഡറുകൾ മരവിപ്പിച്ചതോടെ ബോയിംഗ് ഓഹരികൾ ഇടിഞ്ഞു. ചൈനയെ പ്രധാന വിപണിയായി കണക്കാക്കുന്ന ബോയിംഗിന് വലിയ പ്രഹരമാണ് ചൈന ഈ നടപടിയിലൂടെ നൽകിയത്. ഉഭയകക്ഷി ബന്ധങ്ങളിലെ പിരിമുറുക്കം ഇതോടെ കൂടി. ഇന്നലെ ബോയിംഗിന്റെ ഓഹരികൾ വ്യാപാരം ആരംഭിക്കുന്നതിന് മുൻപ് തന്നെ 3% ഇടിഞ്ഞു. എതിരാളിയായ എയർബസ് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഇതിന് പകരം ചോദിച്ചിരിക്കുകയാണ് ഇപ്പോൾ അമേരിക്ക. അമേരിക്കയുമായി വ്യാപാരയുദ്ധം നടത്താൻ “ഭയപ്പെടുന്നില്ല” എന്ന് ചൈന മുന്നറിയിപ്പ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് അമേരിക്കയുടെ നടപടി.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും മേൽ സമാനമായ തരത്തിൽ തിരിച്ചും തീരുവ ചുമത്തുമെന്ന് അധികാരത്തിൽ വരുന്നതിന് മുൻപ് തന്നെ ട്രംപ് പറഞ്ഞിരുന്നു. തുടർന്ന് പരസ്പര താരിഫുകൾ ഏപ്രിൽ രണ്ടിന് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയടക്കം 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകൾ ഏപ്രിൽ ഒൻപതിന് പ്രാബല്യത്തിൽ വന്നു. ഇന്ത്യക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. ചൈനക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക സ്വീകരിച്ചത്. മറ്റ് രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തീരുവകൾ 90 ദിവസത്തേക്ക് മരവിപ്പിച്ചെങ്കിലും ചൈനയ്ക്ക് യാതൊരു ഇളവും നൽകിയിട്ടില്ല.