ചാര്‍ ധാം യാത്രയ്ക്ക് ഇനി ദിവസങ്ങൾ മാത്രം; എങ്ങനെ രജിസ്റ്റ‍ര്‍ ചെയ്യാം? ഓൺലൈൻ, ഓഫ്‌ലൈൻ രജിസ്ട്രേഷൻ വിവരങ്ങൾ

ഈ വർഷത്തെ ചാർ ധാം യാത്ര ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. അക്ഷയ തൃതീയയോട് അനുബന്ധിച്ചാണ് ഇത്തവണത്തെ ചാർ ധാം യാത്ര നടക്കുന്നത് എന്നതാണ് സവിശേഷത. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യസ്ഥലങ്ങളുടെ ഒരു പര്യടനമാണ് ചാർ ധാം യാത്ര. എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് ഈ യാത്രയിൽ പങ്കെടുക്കാറുള്ളത്. 

സഞ്ചാരികളുടെ സൗകര്യാർത്ഥം ഉത്തരാഖണ്ഡ് സർക്കാർ ഓൺലൈനായും ഓഫ്‌ലൈനായും രജിസ്ട്രേഷൻ പ്രക്രിയകൾ ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർ ഔദ്യോഗിക പോർട്ടലുകൾ ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ ശ്രമിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഇമെയിൽ വിലാസവും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യാം. തുടർന്ന് നിങ്ങളുടെ മുഴുവൻ പേര്, പ്രായം, ലിംഗഭേദം, വിലാസം തുടങ്ങിയ മറ്റ് ചില വ്യക്തിഗത വിവരങ്ങളും നൽകേണ്ടതുണ്ട്. പാസ്പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖയുടെ (ആധാർ, പാൻ, പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി) പകർപ്പും ആവശ്യമാണ്. രജിസ്ട്രേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ ഇ-പാസ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക. 

ഓഫ്‌ലൈൻ രജിസ്ട്രേഷൻ

ഉത്തരാഖണ്ഡിലെ പ്രധാന നഗരങ്ങളായ ഡെറാഡൂൺ, ഹരിദ്വാർ, ഗുപ്തകാശി, സോൻപ്രയാഗ് എന്നിവിടങ്ങളിൽ രജിസ്ട്രേഷൻ കൗണ്ടറുകൾ തുറന്നിട്ടുണ്ട്. ഓഫ്‌ലൈൻ രജിസ്ട്രേഷൻ തിരഞ്ഞെടുക്കുന്ന തീർത്ഥാടകർ ഐഡി പ്രൂഫ്, ഫോട്ടോ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ അവരുടെ എല്ലാ രേഖകളുടെയും ഒരു ഫിസിക്കൽ പകർപ്പ് സമർപ്പിക്കണം. 

അതേസമയം, ചാർ ധാം യാത്രയ്ക്ക് മുന്നോടിയായി വലിയ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിരിക്കുന്നത്. തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന ഭക്തരുടെ എണ്ണത്തിന് പരിധിയില്ലെന്ന് ഗർവാൾ ഡിവിഷണൽ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. ഗതാഗത ക്രമീകരണങ്ങൾ, ശുദ്ധമായ കുടിവെള്ളം, പാർക്കിംഗ് എന്നിങ്ങനെ 3-4 കാര്യങ്ങളിലാണ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

READ MORE: ടൂറിസം വകുപ്പിന്റെ വിഷു കൈനീട്ടം; ചാലിയാറിന്റെ തീരത്തെ റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് വൈറലാകുന്നു

By admin