തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിൽ എബ്രഹാം ഉന്നയിച്ച നിയമപ്രശ്നങ്ങൾ തള്ളിക്കളയാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന ഏബ്രഹാമിൻ്റെ ആവശ്യം സർക്കാർ അംഗീകരിക്കാനാണ് സാധ്യത.
വിശ്വസ്തനായ കെ എം എബ്രഹാമിന് മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ തുടരുകയാണ്. സിബിഐ അന്വേഷണ ഉത്തരവിനെക്കാൾ എബ്രഹാം ഉന്നയിച്ച ആരോപണങ്ങളിലാണ് മുഖ്യമന്ത്രിക്ക് വിശ്വാസം. സിബിഐ അന്വേഷണ ഉത്തരവില്‍ നിയമ പ്രശ്നങ്ങള്‍ കെ എം എബ്രഹാം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒറ്റക്കേള്‍വിയില്‍ തള്ളിക്കളയാന്‍ പറ്റില്ല. ഇതിലെ നിയമ പ്രശ്നങ്ങള്‍ പരിശോധിച്ച് തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കേസിലെ പരാതിക്കാരനായ ജോമോൻ പുത്തൻപുരക്കലും മറ്റ് രണ്ടുപേരും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ കത്തിലെ എബ്രഹാമിൻ്റെ ആരോപണം. ഐപിഎസ് ഉദ്യോഗസ്ഥൻ നേതൃത്വത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന എബ്രഹാമിൻ്റെ ആവശ്യം സർക്കാർ അംഗീകരിക്കാനാണ് സാധ്യത. മുഖ്യമന്ത്രി നൽകുന്ന സൂചനയും അങ്ങനെ തന്നെയാണ്. പദവിയിൽ തുടരണോ എന്ന തീരുമാനം എബ്രഹാം മുഖ്യമന്ത്രിക്ക് വിടുമ്പോൾ തുടരാം എന്ന് തന്നെയാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്.
അതേസമയം, പരാതിയിൽ അന്വേഷണത്തിന് നീക്കം നടക്കുമ്പോഴും കത്തിൽ ഉന്നയിച്ച ചില കാര്യങ്ങൾ എബ്രഹാമിന് തന്നെ കുരുക്കാകാനിടയുണ്ട്. 2015 മുതലുള്ള ഗൂഡാലോചനയുടെ തെളിവായി ഫോൺ രേഖകളുണ്ടെന്നാണ് വാദം. ജോമോനും ഒരാളും തമ്മിൽ പതിനായിരം സെക്കൻ്റും മറ്റൊരാളുമായി നാലായിരം സെക്കന്‍റും സംസാരിച്ചെന്നാണ് പറയുന്നത്. കേസ് രജിസ്റ്റർ ചെയ്യാതെ ഫോൺ രേഖകൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് കിട്ടി എന്നചോദ്യമാണ് ഉയരുന്നത്. അന്വേഷണ ഏജൻസികൾക്ക് മാത്രം ശേഖരിക്കാൻ കഴിയു്നന ഫോൺവിളി രേഖകൾ ചോർത്തിയോ എന്നത് നിയമ പ്രശ്നങ്ങൾക്ക് വഴിവെക്കാം.