കെഎം എബ്രഹാമിൻെറ ഗൂഢാലോചന പരാതിയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും; വെല്ലുവിളിച്ച് ജോമോൻ പുത്തൻപുരക്കൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിന്‍റെ ഗൂഢാലോചന പരാതിയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജോമോൻ പുത്തൻപുരയ്ക്കലും മറ്റ് രണ്ട് പേരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനൽകിയ വാർത്ത ഇന്നലെ രാത്രി ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും എബ്രഹാം കത്തിൽ പറയുന്നു. ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ നേതൃത്വത്തിൽ തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്നാണ് എബ്രഹാമിന്‍റെ വാദം. കെ എം എബ്രഹാമിന്‍റെ ഈ പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് സാധ്യതയുള്ളത്.
അതേസമയം, എബ്രഹാം മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ സംശയങ്ങളുമായി പരാതിക്കാരൻ ജോമോൻ രംഗത്തെത്തി. കെ എം എബ്രഹാം ചോദ്യം ചെയ്യുന്നത് കോടതിയെ ആണെന്നും തന്‍റെതേടക്കമുള്ള ഫോണ്‍ രേഖകള്‍ എങ്ങനെ കെഎം എബ്രഹാം ശേഖരിച്ചുവെന്നും ജോമോൻ പുത്തൻപുരയ്ക്കൽ ചോദിച്ചു. ഗൂഢാലോചന തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ജോമോൻ പുത്തൻപുരയ്ക്കൽ വെല്ലുവിളിച്ചു.