കരുനാ​ഗപ്പള്ളി സന്തോഷ് കൊലക്കേസ്; മുഖ്യപ്രതി അലുവ അതുൽ തിരുവള്ളൂരിൽ നിന്ന് പിടിയിൽ

കൊല്ലം: കരുനാ​ഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ. തമിഴ്നാട് തിരുവള്ളൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന വാഹന പരിശോധനയിൽ പൊലീസിന്റെ കൺമുന്നിൽ നിന്നാണ് അലുവ അതുൽ രക്ഷപ്പെട്ടത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഖ്യപ്രതിയായ അലുവ അതുൽ പിടിയിലായിരിക്കുന്നത്. മാര്‍ച്ച് 27 നാണ് കാറിലെത്തിയ ആറംഗ സംഘം കരുനാഗപ്പള്ളിയിൽ സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തുന്നത്. ആ സംഘത്തിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ

ആലുവയിൽ വെച്ച് കാറില്‍ സഞ്ചരിച്ചിരുന്ന അലുവ അതുൽ പൊലീസിന്‍റെ മുന്നിൽപെട്ടിരുന്നു. ഇയാളുടെ ഒപ്പം ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. കാറിൽ ഭാര്യയെയും കു‍ഞ്ഞിനെയും ഉപേക്ഷിച്ച് അന്നയാള്‍ രക്ഷപ്പെടുകയായിരുന്നു. അതിന് ശേഷം പ്രതിക്കായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം നടത്തിയിരുന്നു. അലുവ അതുൽ അറസ്റ്റിലായതോടെ സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ക്വട്ടേഷന്‍ നൽകിയെന്ന് പൊലീസ് കണ്ടെത്തിയ പങ്കജ് മേനോനും കഴിഞ്ഞ ദിവസം പൊലീസിന്‍റെ പിടിയിലായിരുന്നു.

കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന രാജീവ്, ഹരി, സോനു, പ്യാരി, സാമുവൽ എന്നിവർ റിമാൻഡിലാണ്. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയെന്ന് പൊലീസ് കണ്ടെത്തിയ ഓച്ചിറ സ്വദേശി പങ്കജ് മേനോനും പ്രതികൾക്ക് സഹായങ്ങൾ നൽകിയ മനു, ചക്കര അതുൽ എന്നിരും അറസ്റ്റിലായിരുന്നു. 

By admin