ഐപിഎല്ലിൽ ലാസ്റ്റ് ബോൾ ത്രില്ലര്‍! രാജസ്ഥാൻ – ഡൽഹി മത്സരം സമനിലയിൽ, ഇനി സൂപ്പര്‍ ഓവര്‍
ദില്ലി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപിറ്റൽസ് മത്സരം സമനിലയിൽ. 189 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. 28 പന്തിൽ 51 റൺസ് നേടിയ നിതീഷ് റാണയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ഓപ്പണര്‍ യശസ്വി ജയ്സ്വാളും 51 റൺസ് നേടിയിരുന്നു.
ഓപ്പണർമാരായ സഞ്ജു സാംസണും യശസ്വി ജയ്സ്വാളും രാജസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച സഞ്ജുവും ജയ്സ്വാളും ടീം സ്കോര്‍ അതിവേഗം ഉയര്‍ത്തി. മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന സഞ്ജു 19 പന്തിൽ 31 റൺസിൽ നിൽക്കെ പരിക്കിനെ തുടര്‍ന്ന് കളം വിട്ടു. ഇതോടെ ക്രീസിലെത്തിയ റിയാൻ പരാഗ് (8) നിരാശപ്പെടുത്തി. 37 പന്തിൽ 51 റൺസ് നേടിയ ജയ്സ്വാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസാന 4 ഇന്നിംഗ്സിൽ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയും നേടിയാണ് ജയ്സ്വാൾ മടങ്ങിയത്.
അവസാന ഓവറുകളിൽ തകര്‍ത്തടിച്ച നിതീഷ് റാണ രാജസ്ഥാന് വിജയപ്രതീക്ഷ നൽകി. ഡൽഹിയുടെ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച റാണയാണ് രാജസ്ഥാന് പ്രതീക്ഷ നൽകിയത്. അവസാന നിമിഷം വരെ പോരാടിയ ഷിമ്രോൺ ഹെറ്റ്മെയര്‍ 15 റൺസുമായും ധ്രുവ് ജുറെൽ 26 റൺസുമായും പുറത്താകാതെ നിന്നു. സ്റ്റാര്‍ക്ക് എറിഞ്ഞ അവസാന ഓവറിൽ 9 റൺസ് മാത്രമാണ് വിജയിക്കാൻ വേണ്ടിയിരുന്നതെങ്കിലും ഒരു ബൗണ്ടറി പോലും നേടാൻ രാജസ്ഥാൻ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. അവസാന പന്തിൽ 2 റൺസ് വേണ്ടിയിരുന്നപ്പോൾ ഡബിൾ ഓടാൻ ശ്രമിച്ച ജുറെൽ റണ്ണൗട്ട് ആയതോടെ മത്സരം സമനിലയിലാകുകയായിരുന്നു.
READ MORE: അങ്ങനെയങ്ങ് പോയാലോ? ഐപിഎല്ലിൽ ബാറ്റ് പരിശോധനയുമായി അമ്പയർമാർ, എന്താണ് കാരണം?