ആരോഗ്യ മേഖലയിൽ നേട്ടങ്ങളുമായി ഖത്തർ മാതൃക, 95 ശതമാനം കുട്ടികളും പ്രതിരോധ കുത്തിവെപ്പെടുത്തു
ദോഹ: ലോകത്തെ തന്നെ ഏറ്റവും മികച്ച ആരോഗ്യസംവിധാനങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ. സർക്കാർ നിക്ഷേപം വർദ്ധിച്ചതിന്റെ ഫലമായി ആശുപത്രികൾ, ചികിത്സാ സംവിധാനങ്ങൾ, സേവനങ്ങൾ, സാങ്കേതിക വിദ്യ ഉൾപ്പെടെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് രാജ്യം വലിയ പുരോഗതി കൈവരിച്ചതായി ഖത്തർ ഗവ. കമ്മ്യൂണിക്കേഷൻസ് ഓഫീസ് (ജിസിഒ) അറിയിച്ചു. രാജ്യത്തെ 95 ശതമാനം കുട്ടികളും പൂർണമായും പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിച്ചതായി ജി.സി.ഒ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കണക്കുകളിൽ വ്യക്തമാക്കുന്നു. ആഗോള ശരാശരിയായ 85 ശതമാനത്തേക്കാൾ കൂടുതലാണിത്.
പ്രധാന ആരോഗ്യ സംരക്ഷണ സൂചകങ്ങളിൽ ആഗോള റാങ്കിങ്ങിലും ഖത്തർ മുന്നേറ്റം നടത്തി. ശിശു മരണ നിരക്കിൽ ആഗോള ശരാശരിയേക്കാൾ മുന്നിലാണ് ഖത്തർ. ആയിരത്തിൽ രണ്ട് ആണ് ഖത്തറിലെ ശിശു മരണ നിരക്കെങ്കിൽ യൂനിസെഫിന്റെ കണക്കനുസരിച്ച് 17 ആണ് ആഗോള ശരാശരി. നംബിയോയുടെ 2024ലെ ആരോഗ്യ സംരക്ഷണ സൂചികയിൽ ഖത്തർ ആഗോളതലത്തിൽ 17-ാം സ്ഥാനമാണ് നേടിയത്. ബ്രാൻഡ് ഫിനാൻസ് റാങ്കിങ്ങിൽ ലോകമെമ്പാടുമുള്ള മികച്ച 100 ആശുപത്രികളിൽ ഖത്തറിലെ നാല് ആശുപത്രികളും ഇടം നേടി.
Read Also – ഖത്തറിൽ അനധികൃത ഉപ്പ് നിർമാണം നടത്തിയ സംഘം പിടിയിൽ
ലോകാരോഗ്യ സംഘടനയുടെ ‘ഹെൽത്ത് സിറ്റി’ എന്ന പദവി എല്ലാ മുനിസിപ്പാലിറ്റികൾക്കും ലഭിക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഖത്തർ. രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികൾക്കും ഡബ്ല്യു.എച്ച്.ഒയുടെ ഹെൽത്ത് സിറ്റി പദവിയുണ്ട്. ഖത്തർ യൂനിവേഴ്സിറ്റിക്ക് ‘ഹെൽത്തി യൂനിവേഴ്സിറ്റി’ എന്ന സർട്ടിഫിക്കറ്റും അടുത്തിടെ ലഭിച്ചു. ഹമദ് മെഡിക്കൽ കോർപറേഷനിലെ ഹോം ഹെൽത്ത് കെയർ സർവിസ് രണ്ടാംതവണയും പേഴ്സനൽ കെയർ ഗോൾഡ് സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയിരുന്നു.