അഷ്ടമുടിക്ക് 59 കോടി രൂപയുടെ വിനോദ സഞ്ചാര പദ്ധതി; പ്രഖ്യാപനവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

ഇടതടവില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഷ്ടമുടി കേന്ദ്രീകരിച്ച് 59 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതി കൂടി നടപ്പിലാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തോടനുബന്ധിച്ച സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഒരു ലക്ഷത്തോളം പഠിതാക്കളെ ലക്ഷ്യമിട്ട് വികസിപ്പിക്കുകയാണ് ശ്രീനാരായണ ഓപണ്‍ യൂണിവെഴ്സിറ്റി. ആസ്ഥാന മന്ദിര നിര്‍മാണത്തിന് സ്ഥലം സ്വന്തമാക്കി. പടിഞ്ഞാറേ കല്ലടയില്‍ സോളാര്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു. കോടതി സമുച്ചയം, വല നിര്‍മാണ ഫാക്ടറി, ഓഷ്യനേറിയം, ഐ ടി പാര്‍ക്ക്, തുറമുഖ വികസനം തുടങ്ങി കേരളത്തിന്റെ മുന്നേറ്റത്തില്‍ കുതിച്ചുചാട്ടത്തിന് സഹായകമാകുന്ന പദ്ധതികളാണ് ജില്ലയില്‍ സാക്ഷാത്കരിക്കുന്നത്. കേരളത്തിന്റെ ഭാവി സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായകമാകും വിധമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള ഒരുക്കുക.

പൊതുജനാഭിപ്രായ സ്വരൂപീകരണത്തിലൂടെ ഒട്ടേറെ വികസന പ്രവര്‍ത്തനം സംസ്ഥാനത്ത് നടപ്പിലാക്കി വരികയാണ്. ഇത് ക്രിയാത്മകമായി താഴെത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ഗ്രാമാന്തരങ്ങളിലുള്ളവര്‍ക്ക് അനുഭവവേദ്യമാകും വിധം പരിപാടികള്‍ നടത്തണം. ജില്ലയില്‍ സമസ്ത മേഖലകളിലും നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ മേളയില്‍ പ്രതിഫലിക്കണം. തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണമായ ധനവിനിയോഗമാണ് നടത്തിയത്. ഇതുവഴി സാധ്യമായ പ്രവര്‍ത്തനങ്ങള്‍ ജനസമക്ഷമെത്തിക്കാനാകണം.  

നിയോജക മണ്ഡലം അടിസ്ഥാനത്തിലും, ഗ്രാമ- ബ്ലോക്ക് – വാര്‍ഡ് തലത്തിലും പ്രചാരണം ശക്തിപ്പെടുത്തണം. ഏപ്രില്‍ 30 നകം നിയോജകമണ്ഡല തലത്തിലും മെയ് അഞ്ചിനകം പഞ്ചായത്ത് തലത്തിലും മെയ് 10നകം വാര്‍ഡ് തലത്തിലും യോഗങ്ങള്‍ നടത്താനും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ താഴെത്തട്ട് വരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മേളയിലൂടെ സാക്ഷ്യപ്പെടുത്തുകയെന്ന് അധ്യക്ഷയായ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സാധാരണക്കാര്‍ സര്‍ക്കാരിനെ അടുത്തറിയാന്‍ ഇക്കുറി വ്യത്യസ്ത അവതരണത്തിലൂടെ അവസരമൊരുക്കും. സര്‍ക്കാര്‍ ജനങ്ങള്‍ക്കായി സമ്മാനിച്ച നേട്ടങ്ങള്‍ വരച്ചിടാന്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

READ MORE: ടോൾ ബൂത്തുകളിൽ ഇനി ഫാസ്ടാ​ഗ് വേണ്ട, നീണ്ട ക്യൂവിനും വിട; മെയ് 1 മുതൽ അടിമുടി മാറ്റം!

By admin