അടുക്കളയിൽ ചൂട് കൂടുതലാണോ? തണുപ്പിക്കാൻ സിംപിളാണ്; ഇങ്ങനെ ചെയ്യൂ
വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അതിനാൽ തന്നെ വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കുന്നതും അടുക്കളയിൽ തന്നെയാണെന്ന് പറയാം. ഭക്ഷണങ്ങൾ പാകം ചെയ്യുന്നത്കൊണ്ട് തന്നെ എപ്പോഴും ചൂടും ദുർഗന്ധവും അഴുക്കുമൊക്കെ അടുക്കളയിൽ ഉണ്ടാകും. വേനൽക്കാലമായാൽ പിന്നെ പറയേണ്ടതില്ല. അടുക്കളയിൽ നിന്ന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. എന്നാൽ വേനൽക്കാലത്ത് അടുക്കളയിലെ ചൂടിനെ തുരത്താൻ ചില വഴികളുണ്ട്. ഈ പൊടിക്കൈകൾ ചെയ്താൽ ഈ വേനൽകാലത്ത് നിങ്ങളുടെ അടുക്കള തണുക്കും. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
പാചകം ചെയ്യുന്ന സമയം മാറ്റാം
ദിവസത്തിൽ രണ്ടും മൂന്നും തവണ ഭക്ഷണം പാകം ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഈ രീതി മാറ്റേണ്ടതാണ്. അധികനേരം അടുക്കളയിൽ പാചകം ചെയ്ത് നിന്നാൽ സ്റ്റൗവിൽനിന്നും വരുന്ന തീയും പുറത്തുള്ള ചൂടും കാരണം അടുക്കളയിൽ സഹിക്കാനാവാത്ത ചൂട് തങ്ങിനിൽക്കും. അതുകൊണ്ട് തന്നെ രാവിലെ അടുക്കള പണികൾ തുടങ്ങി ചൂട് കൂടുന്നതിന് മുമ്പ് ജോലികൾ പൂർത്തിയാക്കുന്നതാണ് നല്ലത്. ഇത് അടുക്കളയിൽ ചൂട് ഉണ്ടാകുന്നത് കുറയ്ക്കുന്നു.
പെട്ടെന്ന് പാകം ചെയ്യാം
പാകം ചെയ്യാൻ ബുദ്ധിമുട്ടില്ലാത്ത ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കിയാൽ അടുക്കളയിൽ അധിക നേരം ചിലവഴിക്കേണ്ടി വരില്ല. ചൂടുള്ള സമയങ്ങളിൽ ദീർഘനേരം പാചകം ചെയ്താൽ അടുക്കളയിലെ ചൂട് കൂടുന്നു. അതിനാൽ തന്നെ പെട്ടെന്ന് ചെയ്ത് തീർക്കുന്ന രീതിയിൽ പാചകം ചെയ്യാം.
ഭക്ഷണങ്ങൾ
അധിക നേരം പാകം ചെയ്യേണ്ടി വരാത്ത ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതാണ് വേനൽക്കാലത്ത് നല്ലത്. സ്റ്റൗവിന്റെ ചൂട് അടുക്കളയിൽ കൂടുതൽ ചൂടുണ്ടാക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ എളുപ്പത്തിൽ പാകം ചെയ്യാൻ കഴിയുന്ന ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതാണ് നല്ലത്.
പാകം ചെയ്യുന്നതിന് മുമ്പ് തയ്യാറാക്കാം
പലരും സ്റ്റൗ ഓൺ ചെയ്ത് വെച്ചതിന് ശേഷമാണ് പാചകത്തിനായുള്ള സാധനങ്ങൾ എടുക്കാൻ പോകുന്നത്. പാചകം ചെയ്യുന്ന സമയത്ത് പച്ചക്കറികളും കൂട്ടുകളും എടുക്കാൻ നിന്നാൽ അത് നിങ്ങളുടെ ജോലി ഇരട്ടിയാക്കുന്നു. അതിനാൽ തന്നെ ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് പച്ചക്കറികളും അവശ്യ സാധനങ്ങളും എടുത്ത് വയ്ക്കാം. ഇത് നിങ്ങളുടെ സമയത്തെ മാത്രമല്ല അടുക്കളയിൽ ചൂടുണ്ടാകുന്നതും കുറയ്ക്കുന്നു.
അടുക്കളയിൽ വായു സഞ്ചാരം വേണം
അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ, ചിമ്മിനി എന്നിവയുണ്ടെങ്കിൽ പാചകം ചെയ്യുന്നതിന് മുമ്പ് ഇത് ഓൺ ചെയ്യാൻ മറക്കരുത്. അല്ലെങ്കിൽ അടുക്കള വാതിലും ജനാലയും തുറന്നിട്ടതിന് ശേഷം മാത്രം പാചകം ചെയ്യാൻ ശ്രദ്ധിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ അടുക്കളയിലെ ചൂട് കുറയുകയും ദുർഗന്ധങ്ങൾ മാറുകയും അടുക്കള എപ്പോഴും ഫ്രഷായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.