സെലക്‌ടര്‍മാര്‍ പ്ലീസ് നോട്ട്; സായ് സുദര്‍ശന് അടുത്ത വിളിക്ക് സമയമായി
അഹമ്മദാബാദ്: തമിഴ്നാട് പ്രീമിയര്‍ ലീഗ് ഇന്ത്യന്‍ ക്രിക്കറ്റിന് സംഭാവന ചെയ്ത താരങ്ങളിലൊരാള്‍. അനായാസം സ്ട്രോക്ക്പ്ലേ കളിക്കുന്ന ആറടി ഉയരക്കാരനായ ഇടംകൈയന്‍ ബാറ്റര്‍. ആവശ്യഘട്ടങ്ങളിലെ റൈറ്റ്-ആം ലെഗ്ബ്രേക്ക് ബൗളര്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഓപ്പണര്‍. പറഞ്ഞുവരുന്നത് ആരെക്കുറിച്ചെന്ന് ക്രിക്കറ്റ് പ്രേമികള്‍ക്ക് മനസിലായിക്കാണും, സായ് സുദര്‍ശന്‍. സായ്‌യെ ഇന്ത്യന്‍ സീനിയര്‍ സെലക്ടര്‍മാര്‍ വീണ്ടും പരിഗണിക്കേണ്ട സമയമായിരിക്കുന്നു.
അത്‌ലറ്റായിരുന്ന ആര്‍ ഭരദ്വാജിന്‍റെയും വോളിബോള്‍ താരം ഉഷയുടെയും മകനായി ചെന്നൈയില്‍ ജനനം. പ്രാദേശിക ടൂര്‍ണമെന്‍റുകളിലൂടെ ക്രിക്കറ്റ് കളത്തിലേക്ക്. 2021ലെ തമിഴ്നാട് പ്രീമിയര്‍ ലീഗാണ് സായ് സുദര്‍ശന്‍ എന്ന ക്രിക്കറ്ററെ ഐപിഎല്‍ സ്കൗട്ടുകള്‍ക്ക് പരിചയപ്പെടുത്തിയത്. ലൈക്ക കോവൈ കിംഗ്സിനായി അടിച്ചുതകര്‍ത്ത സായ് ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. 8 ഇന്നിംഗ്‌സുകളില്‍ നിന്ന് 71.60 ശരാശരിയിലും 143.78 സ്ട്രൈക്ക്റേറ്റിലും സായ് വക 358 റണ്‍സ്. ടൂര്‍ണമെന്‍റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായ ഹരി നിഷാന്തിന് 10 റണ്‍സ് മാത്രം പിന്നില്‍. എന്നാല്‍ ഹരിയുടെ ഇരട്ടിയോളം ബാറ്റിംഗ് ശരാശരി. പ്രഹര ശേഷിയിലും സായ് സുദര്‍ശന്‍ ഏറെദൂരം മുന്നില്‍. 30 ബൗണ്ടറികളുമായി സായ് ഒന്നാമനായി. അര്‍ധസെഞ്ചുറികളുടെ എണ്ണത്തിലും എതിരാളികളില്ലാതെ കുതിപ്പ്, 8 ഇന്നിംഗ്സിനിടെ അഞ്ച് ഫിഫ്റ്റികള്‍. സിക്‌സുകളുടെ എണ്ണം 11. ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സേലം സ്‌പാര്‍ട്ടന്‍സിനെതിരെ 43 പന്തില്‍ നേടിയ 87 റണ്‍സ്.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ 2021 സീസണിന് പിന്നാലെ അതേ വര്‍ഷം തന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് സായ് സുദര്‍ശന് വിളിയെത്തി. 2021ല്‍ തമിഴ്നാട് ടീമിനായി സയ്യിദ് മുഷ്‌താഖ് അലി ട്രോഫി കളിച്ച് ടി20 അരങ്ങേറ്റം. വൈകാതെ വിജയ് ഹസാരേ ട്രോഫിയിലും ഡെബ്യൂ. 2022ല്‍ തമിഴ്നാട് ക്രിക്കറ്റ് ടീം മുഷ്‌താഖ് അലി ട്രോഫി ഉയര്‍ത്തുമ്പോള്‍ സായ് സുദര്‍ശന്‍ ടീമിലുണ്ടായിരുന്നു. വൈകാതെ മൂന്ന് ഫോര്‍മാറ്റിലും തമിഴ്നാട് ടീമില്‍ സായ് സുദര്‍ശന്‍ സ്ഥിര സാന്നിധ്യമായി. കന്നി രഞ്ജി സീസണില്‍ തന്നെ രണ്ട് സെഞ്ചുറികളോടെ ഗംഭീര തുടക്കം കുറിക്കാനും സായ്‌ക്കായി.
തമിഴ്നാട് പ്രീമിയര്‍ ലീഗിലെയും മുഷ്‌താഖ് അലി ടി20 ട്രോഫിയിലെയും മികവ് കണ്ട് 2022ലെ ഐപിഎല്‍ താരലേലത്തില്‍ പുത്തന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് 20 വയസുകാരനായ സായ് സുദര്‍ശനെ സ്വന്തമാക്കി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 145 റണ്‍സുമായാണ് ഐപിഎല്‍ കരിയര്‍ സായ് തുടങ്ങുന്നത്. 2023 സീസണില്‍ സായ്‌യുടെ മികവ് ഒരുപടി കൂടി ഉയര്‍ന്നു. മൂന്നാം നമ്പറുകാരനായി 8 ഇന്നിംഗ്സില്‍ 362 റണ്‍സ് സ്വന്തം. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 47പന്തില്‍ 96 റണ്‍സുമായി പ്രതിഭയുടെ മിന്നലാട്ടം. അതോടെ ടൈറ്റന്‍സ് ടീമിലും സായ് സുദര്‍ശന്‍ സ്ഥിരം പേരുകാരനായി. തൊട്ടടുത്ത 2024 ഐപിഎല്‍ സീസണില്‍ സിഎസ്‌കെയ്ക്ക് എതിരായ ഒരു സെഞ്ചുറി സഹിതം 527 റണ്‍സുമായി സായ് ടീമിന്‍റെ ലീഡിംഗ് റണ്‍സ്‌കോററായത് മറ്റൊരു നാഴികക്കല്ല്.
വെറും 20 ലക്ഷം രൂപയ്ക്ക് 2022 ഐപിഎല്‍ താരലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയ സായ് സുദര്‍ശന്‍റെ ഇന്നത്തെ വില 8.50 കോടി രൂപയാണ്, 2025 മെഗാ താരലേലത്തില്‍ ഗുജറാത്ത് മുടക്കിയ തുക ഇത്രയുമാണ്. ഇത്തവണ ആറ് ഇന്നിംഗ്‌സുകളില്‍ നിന്ന് 54.83 ശരാശരിയും 151.61 സ്ട്രൈക്ക്‌റേറ്റോടെയും 329 റണ്‍സുമായി ഓറഞ്ച് ക്യാപിനായി സായ് സുദര്‍ശന്‍, നിക്കോളാസ് പുരാനുമായി ഇഞ്ചോടിഞ്ച് മത്സരിക്കുന്നു. ഇതിനകം 31 ബൗണ്ടറികളും 13 സിക്സറുകളും നേടിയുള്ള കുതിപ്പ്. 74, 63, 49, 5, 82, 56 എന്നിങ്ങനെയാണ് കഴിഞ്ഞ ആറ് മത്സരങ്ങളില്‍ സായ് സുദര്‍ശന്‍റെ സ്കോറുകള്‍.
സായ് സുദര്‍ശന്‍റെത് ഒരു വളര്‍ച്ചയുടെ കഥയാണ്. 2021ല്‍ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോള്‍ കണ്ട സ്വപ്നം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ വലിയ വേദിയില്‍ മിന്നിത്തിളങ്ങുന്ന കാഴ്ച. അയാളിലേക്ക് വീണ്ടും ഇന്ത്യന്‍ സെലക്ടര്‍മാരുടെ കണ്ണുകള്‍ പതിയേണ്ട സമയമായിരിക്കുന്നു. 2023-24 വര്‍ഷങ്ങളിലായി മൂന്ന് ഏകദിനവും ഒരു ടി20യും മാത്രം കളിച്ച് രാജ്യാന്തര കരിയര്‍ അവസാനിക്കേണ്ട താരമല്ല സായ് സുദര്‍ശന്‍. 23 വയസിനിടെ 31 ഐപിഎല്‍ ഇന്നിംഗ്‌സുകളില്‍ നിന്ന് 48 ശരാശരിയിലും 141 സ്ട്രൈക്ക് റേറ്റിലും സായ് സുദര്‍ശന്‍ ഒരു സെഞ്ചുറിയും 10 അര്‍ധസെഞ്ചുറികളും സഹിതം 1363 റണ്‍സ് നേടിക്കഴിഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലും മൂന്ന് ഫോര്‍മാറ്റുകളിലും മാസായ് കുതിക്കുകയാണ് സായ് സുദര്ശന്.