ശ്രേയസിന് ഇന്ന് അഭിമാന പോരാട്ടം, എതിരാളികൾ കൊൽക്കത്ത; അങ്കം പഞ്ചാബിന്റെ തട്ടകത്തിൽ

മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സ് ഇന്ന് നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.

സീസണിലെ നാലാം ജയം ലക്ഷ്യമിട്ട് പഞ്ചാബ് കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേർക്കുനേർ പോരിനിറങ്ങുമ്പോൾ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച ശ്രേയസ് ഇന്ന് പഞ്ചാബ് നായകനായാണ് ഇറങ്ങുന്നത്. പ്രതിഫല തർക്കത്തിൽ കൊൽക്കത്തയുടെ പടിയിറങ്ങിയ ശ്രേയസിന് ഇത് അഭിമാന പോരാട്ടമാണ്. ഹൈദരാബാദിനെതിരെ 245 റൺസ് നേടിയിട്ടും തോൽവി നേരിട്ട ഞെട്ടലിലാണ് പഞ്ചാബ്. യുസ്‍വേന്ദ്ര ചഹലിന് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. അഞ്ച് കളികളിൽ രണ്ട് വിക്കറ്റുകൾ മാത്രമാണ് ചഹലിന് നേടാനായത്. ഗ്ലെൻ മാക്സ്‍വെല്ലും മാർക്കസ് സ്റ്റോയിനിസും ബാറ്റിംഗിലും ബൗളിംഗിലും നിരാശാജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്. ശ്രേയസ് നയിക്കുന്ന ബാറ്റിംഗ് നിരയിലാണ് പഞ്ചാബ് പ്രതീക്ഷയർപ്പിക്കുന്നത്.

കൊൽക്കത്തയ്ക്കെതിരെ ഹോം ഗ്രൗണ്ടിൽ ഏത് പിച്ചൊരുക്കണമെന്ന അങ്കലാപ്പിലാണ് പഞ്ചാബ് ടീം മാനേജ്മെന്റ്. ബൗളിംഗ് പിച്ചൊരുക്കിയാൽ വരുൺ ചക്രവർത്തിയും സുനിൽ നരൈനും വരിഞ്ഞുമുറുക്കും. ബാറ്റിംഗ് പിച്ചാണെങ്കിൽ ഡി കോക്ക്, നരൈൻ, രഹാനെ, വെങ്കിടേഷ് അയ്യർ, റിങ്കു സിംഗ്, റസൽ, രഘുവംശി എന്നിവരെ പേടിക്കണം. ഇരുടീമും നേർക്കുനേർ വരുന്ന മുപ്പത്തിനാലാമത്തെ മത്സരമാണിത്. ഇതുവരെ പഞ്ചാബ് പന്ത്രണ്ട് മത്സരങ്ങളിലും കൊൽക്കത്ത ഇരുപത്തിയൊന്ന് മത്സരങ്ങളിലും വിജയിച്ചു.

READ MORE: തലയുടെ വിളയാട്ടം! 2206 ദിവസങ്ങൾക്ക് ശേഷം കളിയിലെ താരമായി ധോണി

By admin