കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷമായി കലാരംഗത്ത് സജീവമായി തുടരുന്ന ആളാണ് സുധീർ പറവൂർ. പേര് കേട്ടാൽ ചിലപ്പോൾ പിടികിട്ടിയില്ലെങ്കിലും കേശവൻ മാമനെ മനസിലാകാത്തവർ വളരെ വിരളമായിരിക്കും. ക്ലിഞ്ഞോ പ്ലിഞ്ഞോ, തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു തുടങ്ങിയ പാട്ടുകൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്. ട്രോളുകളിൽ അടക്കം സ്റ്റാറായ കേശവന്‍ മാമന്‍ എന്ന വേഷം ആയിരുന്നു സുധീർ പറവൂരിനെ കൂടുതൽ ആളുകളിലേക്ക് എത്തിച്ചത്.
മിമിക്രിയും അഭിനയവും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി സജീവമായ സുധീർ തന്റെ ജീവിതത്തിലുണ്ടായൊരു അനുഭവം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. ഇനി മുന്നോട്ട് എന്ത് എന്ന് ചിന്തിച്ച നിമിഷത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. 14 വർഷത്തോളം വാടക വീട്ടിൽ കഴിഞ്ഞ കാര്യമാണ് സുധീർ പറഞ്ഞത്.
തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു
‘ഞാൻ ഏകദേശം 14 വർഷത്തോളം വാടക വീട്ടിലായിരുന്നു താമസം. ഓണത്തിനായിരുന്നു പുതിയ വീട് വച്ചത്. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് വരികയായിരുന്നു. ഭാര്യ അവളുടെ വീട്ടിലും. തിരിച്ചുവരും വഴി അവളെയും കൂട്ടി വാടക വീട്ടിലേക്ക് പോയി. വീടെത്തിയപ്പോൾ എന്തോ കത്തിക്കരിഞ്ഞ സ്മെൽ വരുന്നുണ്ട്. വാതിൽ തുറക്കാൻ നോക്കിയിട്ട് പറ്റുന്നില്ല. ഞാൻ തള്ളിത്തുറന്നപ്പോൾ കണ്ടത്, മൊത്തം കനലായിരുന്നു. ഒറ്റ മുറിയും ഒരടുക്കള ബാത് റൂം ഉൾപ്പെടുന്നതായിരുന്നു ആ വീട്. ഭയങ്കര മഴയും ഇടിവെട്ടും ഉണ്ടായിരുന്നു. അടുത്തുള്ളവർ ആരും അറിഞ്ഞതുമില്ല. ജനൽ ചില്ലൊക്കെ തെറിച്ച് പോയി. കട്ടിലൊക്കെ കനലായി. ഒന്നും ബാക്കിയില്ലാതെ എല്ലാം കത്തിയമർന്നു. സിലിണ്ടർ മാത്രം പൊട്ടിയില്ല. ഷോർട് സർക്യൂട്ട് എന്തോ ആയിരുന്നു. ഞാനും ഭാര്യയും ബൈക്കും മാത്രം ബാക്കിയായി. പിറ്റേന്ന് മുതൽ അതെല്ലാം ശരിയാക്കി. പുതിയ വീട് പോലെ ചെയ്തു. രണ്ട് വർഷം കൂടി അവിടെ തന്നെ ഞങ്ങൾ താമസിച്ചു’, എന്നായിരുന്നു സുധീർ പറവൂരിന്റെ വാക്കുകൾ. കൗമുദി മൂവീസിനോട് ആയിരുന്നു നടന്റെ പ്രതികരണം.