വിമാനത്തിൽ കൂടെയുണ്ടായിരുന്നത് മുഖ്യമന്ത്രിയാണെന്ന് അറിഞ്ഞില്ല, ചാർജർ കൊടുത്തിന് പ്രത്യുപകാരം, നിറകയ്യടി

ദുബൈ: ആസാം മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  വിമാനത്തില്‍ വെച്ച് സഹയാത്രികന്‍റെ കയ്യില്‍ നിന്ന് വാങ്ങിയ ചാര്‍ജര്‍ അദ്ദേഹം തിരികെ നല്‍കാന്‍ മറന്നുപോയിരുന്നു. എന്നാല്‍ പിന്നീട് ഈ യാത്രക്കാരനെ തേടി കണ്ടുപിടിച്ച് ചാര്‍ജര്‍ നല്‍കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി. 

എമിറേറ്റ്സ് എയര്‍ലൈന്‍സിന്‍റെ ദില്ലി-ദുബൈ വിമാനത്തിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ആഴ്ച ഹിമന്ത ശര്‍മ്മ വിമാനയാത്രക്കിടെ സഹയാത്രികന്‍റെ കയ്യില്‍ നിന്ന് പ്ലഗ്ഗും ചാര്‍ജിങ് കേബിളും വാങ്ങിയിരുന്നു. ഹിമന്ത ബിശ്വ ശര്‍മ്മയെ യാത്രക്കാരന് തിരിച്ചറിയാനായില്ല. തന്‍റെ കൂടെ യാത്ര ചെയ്യുന്നത് മുഖ്യമന്ത്രി ആണെന്നറിയാതെയാണ് ഇദ്ദേഹം ചാര്‍ജര്‍ നല്‍കിയത്. എന്നാല്‍ ശര്‍മ്മ ഉറങ്ങുന്ന സമയത്താണ് യാത്രക്കാരന്‍ ദുബൈയില്‍ ഇറങ്ങിയത്. ചാര്‍ജര്‍ തിരികെ നല്‍കാന്‍ ശര്‍മ്മക്ക് കഴിഞ്ഞില്ല. ആംസ്റ്റര്‍ഡാമില്‍ എത്തിയപ്പോഴാണ് ശര്‍മ്മ താന്‍ ചാര്‍ജര്‍ തിരികെ നല്‍കിയില്ലെന്ന കാര്യം ഓര്‍ത്തത്. 

Read Also – എജ്ജാതി വൈബ് പൈലറ്റ്! ‘നിങ്ങൾ സ്പീഡിൽ ഓടിക്കാൻ പറഞ്ഞാൽ ഓടിക്കും’, മലയാളത്തിൽ കസറി കുശലാന്വേഷണം, വൈറൽ വീഡിയോ

തുടര്‍ന്ന് തന്‍റെ കൂടെ യാത്ര ചെയ്ത ആ യാത്രക്കാരനെ കണ്ടെത്താനായി ശര്‍മ്മ എക്സ് പ്ലാറ്റ്‍ഫോമില്‍ കുറിപ്പ് പങ്കുവെച്ചു. പോസ്റ്റ് വൈറലായതോടെ യാത്രക്കാരനെ കണ്ടെത്താനായി. ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ ദീപക് കപൂറാണ് ശര്‍മ്മക്ക് ചാര്‍ജര്‍ നല്‍കിയത്. തുടര്‍ന്ന് ഇദ്ദേഹത്തിന് ചാര്‍ജര്‍ തിരികെ നല്‍കിയ ശര്‍മ്മ നന്ദി സൂചകമായി ആസാം സംസ്കാരത്തിന്‍റെ പ്രതീകമായ, കൈകൊണ്ട് നെയ്ത വസ്ത്രം ആസ്സാമീസ് ഗമോച്ചയും നല്‍കി. 

എന്നെക്കുറിച്ച് ഒന്നും അറിയാതെയാണ് ദീപക് ചാര്‍ജര്‍ നല്‍കിയത്. അദ്ദേഹത്തിന്‍റെ ആ നിസ്വാര്‍ഥ പ്രവൃത്തി എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ആ കാരുണ്യം ആദരിക്കപ്പെടേണ്ടതാണെന്ന് തോന്നി- ഹിമന്ത ശര്‍മ്മ കുറിച്ചു. ചെറിയൊരു കാര്യം പോലും അഭിനന്ദിക്കുകയും ദീപകിന് നന്ദി അറിയിക്കുകയും ചെയ്ത മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയില്‍ നിറകയ്യടിയാണ് ലഭിക്കുന്നത്. 

By admin