വഖഫ്: മുർഷിദാബാദിലെ സംഘർഷത്തിൽ ബംഗ്ലാദേശി സാന്നിധ്യം? ആഭ്യന്തര മന്ത്രാലയം പ്രാഥമിക റിപ്പോർട്ട് പരിശോധിക്കുന്നു
ദില്ലി: വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷത്തിന് പിന്നിൽ ബംഗ്ലദേശി സാന്നിധ്യമെന്ന് സൂചന. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ പ്രതിഷേധങ്ങളിൽ നുഴഞ്ഞുകയറി സംഘർഷമുണ്ടാക്കിയെന്ന് കണ്ടെത്തൽ. ആഭ്യന്തര മന്ത്രാലയം പ്രാഥമിക റിപ്പോർട്ട് പരിശോധിക്കുകയാണ്. ഇതിന് ശേഷം തുടർ നടപടികളുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം വഖഫ് നിയമ ഭേദഗതിയെ ചൊല്ലിയുള്ള ബംഗാളിലെ സംഘർഷമണയാതെ തുടരുകയാണ്. മുർഷിദാബാദിന് പിന്നാലെ 24 സൗത്ത് പർഗാനസിലും സംഘർഷമുണ്ടായി. വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രണ്ടിടങ്ങളിൽ അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിലാണ് പശ്ചിമ ബംഗാൾ. മുർഷിദാബാദിൽ ഇന്നലെ മുതൽ സ്ഥിതി നിയന്ത്രണവിധേയമാണ്. സംഘർഷം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെയിരിക്കാൻ മാൾഡ ഉൾപ്പെടെ സ്ഥലങ്ങളിലേക്ക് ഇന്‍റർനെറ്റ് നിരോധനം നീട്ടി.
ഒരാഴ്ച്ചയായി സംഘർഷം തുടരുന്ന മുർഷിദാബാദിൽ കേന്ദ്രസേനയുടെ വിന്യാസത്തെ തുടർന്നാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. എന്നാൽ സൌത്ത് 24 പർഗാനസിൽ ഐ എസ് എഫ് നടത്തിയ പ്രതിഷേധം വ്യാപക ആക്രമത്തിന് വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊൽക്കത്തിയിലേക്ക് ഭാംഗറിൽ നിന്ന് രണ്ടായിരം പേർ റാലി നടത്താൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് ആക്രമത്തിന് വഴിവെച്ചത്. അതേസമയം മുർഷിദാബാദിൽ നിന്ന് പലായനം ചെയ്ത നിരവധി കുടുംബങ്ങൾ മാൾഡിയിലെ ഉൾപ്പെടെ താൽക്കാലിക ക്യാമ്പുകളിൽ തുടരുകയാണ്. ഹിന്ദു വിഭാഗത്തിലുളളവരാണ് പലായനം ചെയ്തതെന്ന് ദേശീയ ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ആൾക്കൂട്ടം വീട് ആക്രമിക്കാൻ എത്തിയതിന്‍റെ ഉൾപ്പെടെ നടുക്കുന്ന ഓർമ്മകളാണ് ഇവർ പങ്കുവെക്കുന്നത്.
മതത്തിന്റെ പേരിൽ ആക്രമങ്ങൾ പാടില്ലെന്നും നിയമം കൈയിലെടുക്കരുതെന്നും മമതാ ബാനർജി ഇന്നലെ പ്രതികരിച്ചിരുന്നു. സംഘർഷത്തിൽ സംസ്ഥാനത്ത് ടി എം സി – ബി ജെ പി പോര് അതിരൂക്ഷമാകുകയാണ്. ഇപ്പോഴത്തെ സംഘർഷങ്ങൾക്ക് പിന്നിൽ ബി ജെ പി ആണെന്നും തെരഞ്ഞെടുപ്പിന് മുൻപ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് ശ്രമമെന്നും തൃണമൂൽ വക്താവ് കുണാൽ ഘോഷ് ആരോപിച്ചു. അതേസമയം പൊലീസ് തൃണമൂൽ പ്രവർത്തകരെ പോലെ പെരുമാറുകയാണെന്നും ഹിന്ദുകൾക്ക് എതിരെ ആക്രമം തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ബംഗാളിലെ അക്രമത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന വഖ്ഫ് നിയമ വിരുദ്ധ സമരങ്ങൾ കേന്ദ്രം നീരീക്ഷിക്കുകയാണ്. സംഘർഷം ഉണ്ടായാൽ അർദ്ധ സൈനിക വിഭാഗങ്ങളെ ഉടൻ അയക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.