യുവേഫ ചാമ്പ്യൻസ് ലീഗ്; ആദ്യ രണ്ട് സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം, ബാഴ്സയും പിഎസ്ജിയും കളത്തിൽ
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ആദ്യ രണ്ട് സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണ, ബൊറൂസ്യ ഡോർട്ട്മുണ്ടിനേയും പി എസ് ജി, ആസ്റ്റൻ വില്ലയേയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.
അതുല്യ ഫോമിൽ കളിക്കുന്ന എഫ് സി ബാഴ്സലോണ ജർമ്മൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ടിന്റെ മൈതാനത്ത് ഇറങ്ങുന്നത് ആദ്യപാദത്തിലെ നാല് ഗോൾ ലീഡുമായി. ഹോം ഗ്രൗണ്ടിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ടഗോൾ കരുത്തിലായിരുന്നു ബാഴ്സയുടെ ആധികാരിക വിജയം. റഫീഞ്ഞയും ലാമിൻ യമാലുമായിരുന്നു മറ്റ് സ്കോറർമാർ. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഹാൻസി ഫ്ലിക്കിന്റെ ബാഴ്സലോണ സെമിയിലെത്തുമെന്ന് ഉറപ്പിക്കാം.
പ്രീമിയർ ലീഗ് ക്ലബ് ആസ്റ്റൻവില്ല രണ്ട് ഗോൾ കടവുമായാണ് ഹോം ഗ്രൗണ്ടിൽ ഫ്രഞ്ച് ചാമ്പ്യൻമാരായ പി എസ് ജിയെ നേരിടാൻ ഒരുങ്ങുന്നത്. പാരീസിൽ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം. നാളെ റയൽ മാഡ്രിഡ് മൂന്ന് ഗോൾ കടവുമായി ഹോം ഗ്രൗണ്ടിൽ ആഴ്സണലിനെയും ഇന്റർ മിലാൻ ഒന്നിനെതിരെ രണ്ടുഗോൾ ലീഡുമായി ബയേൺ മ്യൂണിക്കിനേയും നേരിടും.
READ MORE: അക്‌സർ പട്ടേലിനെതിരെ ബിസിസിഐ നടപടി; കനത്ത പിഴ ചുമത്തി