ബുദ്ധിമുട്ടുകള്‍ക്ക് അറുതി, വാക്കുപാലിച്ച് ഗവാസ്കര്‍; കാംബ്ലിക്ക് ജീവിതകാലം മുഴുവൻ ധനസഹായം

ഗുരുതര ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിക്ക് സഹായവുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. ഗവാസ്കറിന്റെ ഫൗണ്ടേഷനായിരിക്കും കാംബ്ലിക്ക് സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രതിമാസം 30,000 രൂപ വെച്ച് കാംബ്ലിക്ക് നല്‍കും. ഇതിനുപുറമെ പ്രതിവര്‍ഷം ചികിത്സസഹായമായി 30,000 രൂപയും കാംബ്ലിക്ക് നല്‍കും.

കഴിഞ്ഞ ഡിസംബറില്‍ ശിവാജി പാര്‍ക്കില്‍ വെച്ച് നടന്ന രമാകാന്ത് അച്‌രേക്കര്‍ അനുസ്മരണ ചടങ്ങില്‍ കാംബ്ലിയെ സഹായിക്കുമെന്ന് ഗവാസ്കര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ജനുവരി ആദ്യം നടന്ന വാംഖ‍ഡെ സ്റ്റേഡിയത്തിന്റെ 50-ാം വര്‍ഷത്തിന്റെ ആഘോഷ പരിപാടിയില്‍ കാംബ്ലി പ്രത്യക്ഷപ്പെട്ടിരുന്നു. 

മറ്റൊരാളുടെ സഹായമില്ലാതെ നടക്കാൻ പോലും സാധിക്കാത്ത കാംബ്ലിയെയായിരുന്നു അന്ന് കണ്ടത്. ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കാനായി കാംബ്ലിയെ വേദിയിലേക്ക് വിളിച്ചു. മുന്‍ സഹതാരം സഞ്ജയ് മഞ്ജരേക്കറെ ആലിംഗനം ചെയ്തശേഷം വസീം ജാഫറെയും അഭിവാദ്യം ചെയ്ത കാംബ്ലി സഹായികളുടെ കൈ പിടിച്ചാണ് വേദിയിലെത്തിയത്. വേദിയിലുണ്ടായിരുന്ന ഗവാസ്കര്‍ക്കറിന്റെ കാലില്‍ തൊട്ട് അനുഗ്രഹവും തേടി.

താരത്തിന്റെ  ആരോഗ്യസ്ഥിതി മെച്ചപ്പെടാതെ തുടരുന്നതിനാല്‍ ഭാര്യ ആൻഡ്രിയ വിവാഹമോചനത്തില്‍ നിന്ന് പിന്മാറിയിരുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ സൂര്യാൻഷി പാണ്ഡെയുടെ പോഡ്‌കാസ്റ്റിലാണ് ആൻഡ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്. 

“ഞാൻ വേര്‍പിരിഞ്ഞാല്‍ അദ്ദേഹം നിസഹായനാകും. ഒരു കുഞ്ഞിനെ പോലെയാണ് കാംബ്ലി, അത് എന്നെ വേദനിപ്പിക്കുന്നു, ആശങ്കയിലാഴ്ത്തുന്നു. ഇത്തരം സാഹചര്യമുണ്ടായാല്‍, ഒരു സുഹൃത്താണെങ്കില്‍ പോലും പിരിയാൻ എനിക്കാകില്ല. അദ്ദേഹം ഒരു സുഹൃത്തിനേക്കാളുമൊക്കെ മുകളിലാണ്. പിരിയാൻ ഞാൻ പലപ്പോഴും ആലോചിച്ചിരുന്നു. അപ്പോഴെല്ലാം അദ്ദേഹം ആഹാരം കഴിച്ചൊ, ആരോഗ്യവാനാണോ എന്നൊക്കെയുള്ള ചിന്തകള്‍ മനസിലേക്ക് വരും. എന്നെ അദ്ദേഹത്തിന് ആവശ്യമുണ്ടെന്ന ബോധ്യമുണ്ടാകും,” ആൻഡ്രിയ പറഞ്ഞു.

ഇതിഹാസ താരം സച്ചിൻ തെൻഡുല്‍ക്കറുടെ ഉറ്റസുഹൃത്തുകൂടിയാണ് കാംബ്ലി. ഇന്ത്യയ്ക്കായി 107 ഏകദിനങ്ങളും 17 ടെസ്റ്റും കളിച്ചിട്ടുണ്ട്. 

By admin