ബീച്ച് ഗെയിംസ്: മിന്നും പ്രകടനവുമായി ഖത്തർ, ആതിഥേയ പതാക ഏറ്റുവാങ്ങി
ദോഹ: ഒമാനിൽ സമാപിച്ച ഗൾഫ് ബീച്ച് ഗെയിംസിൽ മൂന്ന് സ്വർണ്ണമുൾപ്പെടെ ഏഴ് മെഡലുകൾ നേടി ഖത്തർ. അവസാന ദിനം രണ്ട് സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഖത്തർ സ്വന്തമാക്കിയത്. ബീച്ച് വോളിയിൽ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ അഹ്മദ് തിജാൻ, ശരീഫ് യൂനുസ് സഖ്യം സ്വർണമെഡലുമായി ഖത്തറിന് അഭിമാനമായി.
കുതിരയോട്ടം പെഗ് മത്സരത്തിൽ ഖത്തർ മൂന്ന് മെഡലുകൾ നേടി. റാശിദ് ഫഹദ് അൽ ദോസരി വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടി. അതി അത്ബ വ്യക്തിഗത വിഭാഗത്തിൽ നേരത്തേ സ്വർണം സ്വന്തമാക്കിയിരുന്നു. ടീം ഇനത്തിലും ഖത്തർ സംഘം വെങ്കലം നേടി. ഇതിനുപുറമെ അലി അത്ബ വ്യക്തിഗത പെഗ് ആൻഡ് റിങ് കാറ്റഗറിയിൽ വെങ്കലലം നേടിയിരുന്നു. പായ്വഞ്ചിയോട്ടത്തിൽ ഖത്തരി കുട്ടികൾ മത്സരിച്ച ടീമും മെഡൽ പോഡിയത്തിൽ ഫിനിഷ് ചെയ്തു. 2022 കുവൈത്ത് ബീച്ച് ഗെയിംസിൽ ഖത്തർ 16 സ്വർണം ഉൾപ്പെടെ 52 മെഡലുകൾ നേടിയിരുന്നു.
നാലു ദിവസങ്ങളിലായി നടന്ന ഗെയിംസിൽ 18 അംഗ സംഘമാണ് ഖത്തറിനായി മത്സരിച്ചത്. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നായി 300ഓളം കായിക താരങ്ങൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ, അടുത്ത ഗൾഫ് ബീച്ച് ഗെയിംസിന് വേദിയാകുന്ന ഖത്തർ ആതിഥേയത്വം ഏറ്റുവാങ്ങി. ഖത്തർ പ്രതിനിധി സംഘം ഡയറക്ടർ അബ്ദുല്ല ഹസൻ ഹാഷിം ഒമാൻ പ്രതിനിധികളിൽ നിന്ന് ഗെയിംസ് പതാക സ്വീകരിച്ചു.
read more: കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ തട്ടിപ്പ്; പ്രവാസികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത്