പേരോര്‍മ്മയില്ലാത്ത പ്രിയപ്പെട്ട മനുഷ്യാ…, ജീവപര്യന്തം ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു!

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം:  submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം. 

 

രുവശവും കൈതോലകള്‍ തല നീട്ടി നില്‍ക്കുന്ന വീതികുറഞ്ഞ ചെമ്മണ്‍ പാതയിലൂടെ നടക്കുമ്പോള്‍ മൂക്കിലേക്ക് എള്ളിന്‍റെയും നെല്ലിന്‍റെയും ഗന്ധമെത്തും. അതൊരു സുഖദ ഗന്ധമാണ്. അതിരാണിപ്പാടത്തെത്തിയ ശ്രീധരനെ പോലെയാണ് ഓണാട്ടുകര ദേശത്തുള്ള അമ്മയുടെ തറവാട്ട് വീട്ടിലെത്തിയാല്‍. കാവും കുളവും വിശാലമായ പറമ്പും കാര്‍ഷിക വിഭവങ്ങളും നിറഞ്ഞ ഗ്രാമം. 

മദ്ധ്യവേനൽ അവധിയിലേക്കെത്താന്‍ ദീര്‍ഘമായ കാത്തിരിപ്പാണ്. യാത്രപോകുന്നതിന്‍റെ തലേ ദിവസം ഉറങ്ങാതെ കിടക്കും. പുലര്‍ച്ചെ പുറപ്പെടുന്ന ബസില്‍ അമ്മയോടൊപ്പം ഞാനും ചേച്ചിയുമുണ്ടാകും. രണ്ട് മണിക്കൂറിലധികം നീളുന്ന യാത്രയില്‍ ബസിന്‍റെ സൈഡ് സീറ്റിലിരുന്ന് പുറകിലേക്ക് ഓടിമറയുന്ന കാഴ്ചകളില്‍ കണ്ണുടക്കി അത്ഭുതത്തോടെ ഇരിയ്ക്കും. അപരിചിത ദേശങ്ങളിലൂടെ ഓടുന്ന ബസിനേക്കാള്‍ വേഗത്തില്‍ അമ്മയുടെ തറവാട്ട് വീട്ടിലെത്തിയിട്ടുണ്ടാവും. 

കടല്‍ തിളയ്ക്കുന്ന നേരം

ആകാശത്തെ തൊടുന്നത് പോലെ കടല്‍ തിളയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുള്ളത് നീണ്ടകര പാലത്തിലൂടെ കടന്ന് പോകുമ്പോഴാണ്. ഇരുവശത്തേക്കും താഴ്ന്ന് നിലം തൊടാനൊരുങ്ങുന്ന ആകാശപ്പന്തലിന് നടുവിലൂടെയാണിപ്പോള്‍ യാത്ര. മത്സ്യഗന്ധിയായ തീരമെത്തുമ്പോള്‍ മുതല്‍ ചേച്ചി അസ്വസ്ഥയാവും. അമ്മയുടെ മടിയിലേക്ക് മുഖമമര്‍ത്തി കടലിനെ വെറുക്കും. ദൂരെ ആകാശമേലാപ്പിനെ തൊടുന്ന കടലിനെ നോക്കി ഞാനങ്ങനെ അത്ഭുതം കൊള്ളും. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങള്‍ ഉള്ളില്‍ കടല്‍ പോലെ ഉയരും.

സ്വാതന്ത്ര്യത്തിന്‍റെ പുതിയ ലോകം. പരിചയമില്ലാത്ത ഒരു ജീവിത ശൈലിയിലേക്ക് പറിച്ച് നടപ്പെടുന്ന കുറേ ദിവസങ്ങള്‍. മാങ്ങാച്ചുന മണമുള്ള പകലുകള്‍. റോസാപ്പൂ ഗന്ധമുള്ള പരിസരങ്ങള്‍. തൊഴുത്തിലെ ചാണകത്തിന്‍റെയും മൂത്രത്തിന്‍റെയും രൂക്ഷഗന്ധം. ആഹാരം കഴിക്കാന്‍ കൂടിമറന്ന് പോകുന്ന കളിക്കമ്പങ്ങള്‍.

മടങ്ങുന്നതിന്‍റെ തലേരാത്രിയും ഉറങ്ങാറില്ല. മദ്ധ്യവേനലവധി എന്നേക്കുമായി അവസാനിച്ചത് പോലെ സങ്കടപ്പെടും. നേരം പുലരുന്നതിന് മുമ്പാണ് അമ്മയുടെ നാട്ടില്‍ നിന്നും മടങ്ങാനുള്ള ബസ്. നാടിന്‍റെ അടയാളങ്ങള്‍ പിന്നിട്ട് ബസ് മുന്നോട്ടോടുമ്പോള്‍ അടുത്ത വേനലവധിയിലേക്ക് മനസ്സ് കുതിച്ച് ചാടും. 

ഒറ്റയ്ക്കായ ഒരു കുട്ടി

ഇത് പോലെ മറ്റൊരു വേനലവധിയില്‍ അച്ഛന്‍റെ നാട്ടില്‍ നിന്ന്, ഒറ്റയ്ക്ക് അമ്മയുടെ നാട്ടിലേക്ക് തെറ്റായൊരു ബസില്‍ യാത്ര പോയ ഒരു പത്ത് വയസ്സുകാരനുണ്ടായിരുന്നു. അത് ഞാനായിരുന്നു. വഴിതെറ്റി എവിടെയോ ഏതോ നഗരത്തിരക്കില്‍ ഒറ്റപ്പെട്ട എന്നെ ഒരാള്‍ രക്ഷിക്കുന്നു.

‘ഞാന്‍ അയാളെ സേവൃര്‍ എന്ന് വിളിക്കുന്നു. അല്ലാതെ മറ്റെന്താണ് വിളിക്കുക. ദീര്‍ഘമായ വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ നിങ്ങളുടെ മുഖം മറന്നിരിക്കുന്നു.

ഒരു പത്ത് വയസ്സുകാരന്‍റെ പക്വതയില്ലാത്ത ബുദ്ധി കൊണ്ട് ഞാനന്ന് നിങ്ങളുടെ പേര് ചോദിച്ചിരുന്നോ. ഓര്‍മ്മയില്ല. പേര് ചോദിച്ചിട്ടുണ്ടെങ്കില്‍ ഉത്തരമായി ഒരു പേര് പറഞ്ഞിട്ടുണ്ടാവും. ഓര്‍മ്മ വരുന്നില്ല സുഹൃത്തേ, സഹോദരാ…

ഇതെഴുതുമ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍ കൂടി കാണാനാഗ്രഹിക്കുന്നതില്‍ നിങ്ങളുടെ ഓര്‍മ്മയില്ലാത്ത മുഖവുമുണ്ട്.

നാലുമണിപ്പൂക്കളുടെ ഗന്ധം

നാല് മണി പൂക്കളുടെ ഗന്ധം എനിക്കിന്നും ഭയമാണ്. മദ്ധ്യവേനലവധികളില്‍ ദൂരെയുള്ള ബന്ധുവീടുകളിലെ താമസത്തിനിടയിലാണ് നാല് മണി പൂക്കളെ പരിചയപ്പെടുന്നത്. കടുത്ത ഏകാന്തതയും ഗൃഹാതുരതയും അലട്ടിയിരുന്ന വൈകുന്നേരങ്ങളില്‍ വിരിയുന്ന നാലുമണി പൂക്കള്‍ക്ക് എന്‍റെ സങ്കടങ്ങളുടെ ഗന്ധമായി. 

എങ്കിലും ഇപ്പോഴും എല്ലാ യാത്രകളിലും നാല് മണി പൂക്കളെ ഓര്‍മ്മ വരുന്നത് യാദൃശ്ചികമാവാം. അങ്ങനെ മദ്ധൃവേനലവധിയില്‍ ബന്ധു വീട്ടിലെ താമസം മടുത്ത് വീട്ടിലേക്ക് മടങ്ങണമെന്ന് ശാഠൃം പിടിച്ച ഒരു പത്ത് വയസ്സുകാരനെ വീടിനടുത്ത് കൂടി പോകുന്ന ഒരു ബസ്സില്‍ കയറ്റി വിടുന്നു. 

ആരാണ് ആ മനുഷ്യന്‍? 

ബസ്സ് എത്ര ദൂരം പിന്നിട്ടുണ്ടാവുമെന്നറിയില്ല. ടിക്കറ്റെടുക്കാന്‍ കാശ് നീട്ടി ഇറങ്ങേണ്ട സ്ഥലത്തിന്‍റെ പേര് പറഞ്ഞപ്പോള്‍ കണ്ടക്ടറുടെ വെളിപ്പെടുത്തല്‍. ഈ ബസ്സ് ആ വഴി പോവുന്നതല്ല.

ആര്‍ക്കാണ് തെറ്റിയത്? കണ്ടക്റ്റര്‍ക്കോ എന്നെ കയറ്റി വിട്ട ബന്ധുവിനോ?

ബസ്സ് മുന്നോട്ടോടുന്നു. ഭയം കയറിത്തുടങ്ങിയ മനസ്സുമായി ഞാനും. മറ്റെന്താണ് ചോദിക്കേണ്ടത് എന്നറിയാതെ നിസ്സഹായതയുടെ വേലിയേറ്റത്തില്‍ ഞാനെങ്ങോട്ടോ ഒഴുകുന്നു. 

ഏതോ പേരറിയാത്ത സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തുന്നു.  ലക്ഷൃം നഷ്ടപ്പെട്ട് പോയ യാത്രക്കാരനായി ഞാനിറങ്ങുന്നു.  പൊള്ളുന്ന വെയിലാണ്. ചീറിപ്പായുന്ന വാഹനങ്ങള്‍.  അപരിചിതരായ മനുഷൃര്‍. വഴി വക്കില്‍ ഞാനങ്ങനെ നിന്നു.

നാടിനെയോര്‍ത്തിട്ടുണ്ടാവും. അമ്മയെയും ചേട്ടനെയും ചേച്ചിയെയും പഠിച്ച സ്‌കൂളിനെയും ഓര്‍ത്തിട്ടുണ്ടാവും.   

തിരിച്ച് ചെല്ലാന്‍ പറ്റാത്ത യാത്രയായി കണക്ക് കൂട്ടി നടന്ന് തുടങ്ങി. കടന്ന് പോകുന്ന ബസ്സില്‍ ഏതെങ്കിലും ഒന്ന് എന്‍റെ നാട്ടിലൂടെയാവും. പക്ഷേ ഏത്? അറിയില്ല. 

ദാഹിക്കുന്നുണ്ട്. വിശക്കുന്നുമുണ്ട്. 

ഇനിയുമെത്ര ദൂരം? ലക്ഷൃത്തിലെത്തുമെന്ന് ഒരുറപ്പുമില്ലാത്ത യാത്ര!

നടന്ന് തളരുമ്പോള്‍ വഴിവക്കിലെ ഏതെങ്കിലും മരത്തണലില്‍ നില്‍ക്കും. വീണ്ടും നടത്തം.  
വെയില്‍ അതിന്‍റെ പാരമൃത്തിലേക്കെത്തുന്നു.   

ഇനി നടക്കാന്‍ വയ്യ…

വിശപ്പും ദാഹവും കൊണ്ട് ശരീരം തളരുന്നു. കണ്ണ് നിറഞ്ഞ് ഒഴുകുന്നു. 

ദേശീയ പാതയിലെ ഏതോ ഒരു മരത്തണലില്‍ വിശപ്പും ദാഹവും കൊണ്ട് തളര്‍ന്ന് ഞാനിരുന്നു.   

‘എന്തിനാണ് കരയുന്നത്?’

…….അടഞ്ഞ് പോകുന്ന കണ്ണുകള്‍ ഉയര്‍ത്തി ഞാനയാളെ നോക്കി. പഴയ ഒരു സൈക്കിളും പിടിച്ചൊരാള്‍. അതുവരെ ഒതുക്കി നിര്‍ത്തിയിരുന്ന മുഴുവന്‍ സങ്കടങ്ങളും പൊട്ടിക്കരച്ചിലായി അയാള്‍ക്ക് മുന്നിലൂര്‍ന്നു വീണു.  
 
സംഭവിച്ചതെല്ലാം ഒറ്റ ശ്വാസത്തില്‍ പറഞ്ഞ് തീര്‍ത്ത് ഒരു താങ്ങിനെന്ന പോലെ ഞാനയാളുടെ മുഖത്തേക്ക് നോക്കി. 

‘വരൂ’ എന്‍റെ കൈയും പിടിച്ചയാള്‍ നടന്നു. അടുത്ത് കണ്ട ഹോട്ടലില്‍ നിന്നും ഉച്ചയൂണ് വാങ്ങിത്തന്നു. 

അതിന് മുമ്പോ പിന്നീടോ ഇത്രയും സ്വാദുള്ള ആഹാരം ഞാന്‍ കഴിച്ചിട്ടില്ല.   

എന്‍റെ നാടിന്‍റെ പേര് ചോദിച്ച് മനസ്സിലാക്കി എന്നെയും സൈക്കിളിന്‍റെ പിന്നിലിരുത്തി അയാള്‍ ചവുട്ടിത്തുടങ്ങുന്നു. 

എത്രയോ ദൂരം. ഒടുവില്‍ വീടിന്‍റെ മുറ്റത്ത്.   
  
ആ മനുഷൃന് മുന്നില്‍ തൊഴുത് പിടിച്ച കൈകളുമായി നില്‍ക്കുന്ന അമ്മയെ ഓര്‍മ്മയുണ്ട്.  
   
ഒരു പത്ത് വയസ്സുകാരന്‍റെ പക്വതയില്ലാത്ത ബുദ്ധി കൊണ്ട് ഞാന്‍ നിങ്ങളുടെ പേര് ചോദിച്ചിരുന്നോ?  അറിയില്ല. എങ്കിലും ഞാന്‍ നിങ്ങളെ സേവ്യര്‍ എന്ന് വിളിക്കുന്നു.  മറ്റെന്ത് പേരാണ് നിങ്ങള്‍ക്ക് ചേരുക.

യാത്രകള്‍ ഒരിയ്ക്കലും അവസാനിക്കുന്നില്ലല്ലോ.

 

ഓര്‍മ്മകളില്‍ ഒരു അവധിക്കാലം മറ്റ് ലക്കങ്ങൾ വായിക്കാം.

 

 

By admin