പുതിയ കാര്യങ്ങൾ ചെയ്യാൻ പേടിയാണോ ? കാരണങ്ങൾ അറിഞ്ഞിരിക്കാം
1. തോൽക്കുമോ എന്ന പേടി- പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചപ്പോൾ തോൽവി നേരിടേണ്ടി വന്ന അവസ്ഥ മുൻപ് നടന്നിട്ടുണ്ടാകാം. തോൽവി എന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ ഭയം തോന്നും. അതുകൊണ്ട് പുതിയ ശ്രമങ്ങൾ പോലും നടത്താൻ ഭയക്കും.
2. എല്ലാം പെർഫെക്റ്റ് ആയിരിക്കണം എന്ന നിർബന്ധം- ചിലരിൽ ഞാൻ എന്ത് ചെയ്താലും വളരെ ഭംഗിയായിരിക്കണം/ പെർഫെക്റ്റ് ആയിരിക്കണം എന്നെല്ലാമുള്ള നിർബന്ധം ഉണ്ടായിരിക്കും. നൂറുശതമാനം പെർഫെക്റ്റ് ആകുക മാത്രമാണ് വിജയം എന്നും അതിൽ താഴെ എല്ലാം തോൽവിയെന്നും വിശ്വസിക്കുന്ന അവസ്ഥ. ഉദാ: 95% മാർക്കു നേടിയ കുട്ടി 100% ലഭിക്കാത്തതിനാൽ താനൊരു തോൽവിയാണ് എന്നും ഇനി പഠിച്ചിട്ടു കാര്യമില്ല എന്നുപോലും തീരുമാനം എടുക്കുക. ചിലരിൽ ആത്മഹത്യാ ചിന്തയിലേക്കുപോലും പെർഫെക്ഷനിസം നയിച്ചേക്കാം.
3. ആത്മവിശ്വാസം ഇല്ലായ്മ- ഒരു കാര്യങ്ങളും ഉത്തരവാദിത്വത്തോടെയും മികച്ചതായും ചെയ്യാൻ എനിക്കാവില്ല എന്ന ചിന്ത. ജീവിതത്തിൽ മുന്പുണ്ടായിട്ടുള്ള നേട്ടങ്ങളെ ഒക്കെ മറന്നുപോവുക. എപ്പോഴും സ്വയം കുറ്റപ്പെടുത്തി മനസ്സിൽ സംസാരിക്കുന്ന അവസ്ഥ.
4. ഉത്കണ്ഠ- ഭാവിയെപ്പറ്റി അമിത ആശങ്ക തോന്നുക, ഞാൻ ചെയ്യുന്ന കാര്യങ്ങൾ തെറ്റിപ്പോയാൽ മറ്റുള്ളവർ എന്നെ കളിയാക്കുമോ എന്ന പേടി എന്നിവ കാരണം പുതിയ കാര്യങ്ങൾ ചെയ്യാൻ ഭയക്കും.
എങ്ങനെ പരിഹരിക്കാം:
1. ഭയം മാറ്റിയെടുക്കണം എങ്കിൽ ചെറിയ ചെറിയ സ്റ്റെപ്പുകൾ എടുത്തു തുടങ്ങണം. ഇന്ന് ഒരു ശതമാനം എങ്കിലും നല്ല മാറ്റം വരാൻ എന്തു കാര്യം പുതിയതായി ചെയ്യാം എന്നു ചിന്തിക്കുക. അത് ഒരു ജോലിയുടെ ഇന്റർവ്യൂവിനായി തയ്യാറെടുക്കുന്നതാകാം, അല്ലെങ്കിൽ ആളുകളോട് സംസാരിക്കാൻ ധൈര്യം കാണിക്കുന്നതാകാം- അങ്ങനെ എന്ത് ചെയ്യാം എന്ന് ആലോചിക്കുക.
2. എന്നെകൊണ്ട് ഒന്നും നേടാൻ കഴിയില്ല എന്ന നെഗറ്റീവ് ചിന്തയെ അല്പസമയം എങ്കിലും നിർത്തിവെച്ചുകൊണ്ട് മുൻപ് ജീവിതത്തിൽ നേടിയ ചെറിയ കാര്യങ്ങളെപോലും ഓർത്തെടുക്കാൻ ശ്രമിക്കുക.
3. ഒരു ശതമാനം എങ്കിലും നല്ല മാറ്റം വരുത്താൻ കഴിഞ്ഞാൽ അതിൽ സന്തോഷിക്കുക, സ്വയം പ്രോത്സാഹനം നൽകുക.
4. എപ്പോഴും സ്വയം കുറ്റപ്പെടുത്തുന്ന രീതി മാറ്റുക. സ്വയം കരുണയോടും സ്നേഹത്തോടും സംസാരിക്കാൻ ശ്രമിക്കണം. ഉദാ: ഞാൻ എന്തു ചെയ്താലും ശരിയാകില്ല എന്ന ചിന്തയെ മാറ്റി ഞാൻ ശ്രമിച്ചാൽ എനിക്ക് നല്ല മാറ്റങ്ങൾ ഉണ്ടാവും, മുൻപ് തോറ്റുപോയതൊന്നും ഇനി ഓർക്കേണ്ടതില്ല, ഇനി ശ്രമിച്ചാൽ മതി എന്നിങ്ങനെ ഒരു സുഹൃത്തിനെ ആശ്വസിപ്പിക്കാൻ എന്തെല്ലാം കാര്യങ്ങൾ പറയുമോ അതുപോലെ സമാധാനവാക്കുകൾ സ്വയം പറയുന്നത് ശീലമാക്കണം.
(ലേഖിക പ്രിയ വർഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ : 8281933323)
സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന ശീലം അവസാനിപ്പിക്കുക, കാരണം ഇതാണ്