ട്രംപിന്റെ താരിഫ് ബോംബിൽ ഇന്ത്യ കുലുങ്ങിയില്ല; നഷ്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി

മേരിക്കയുടെ താരിഫ് ബോംബിൽ നിന്നും അതിജീവിക്കുന്ന ആദ്യത്തെ പ്രധാന വിപണിയായി ഇന്ത്യ. ഏപ്രിൽ രണ്ടിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് നയങ്ങളിൽ കാലിടറാതെ ഇന്ത്യൻ ഓഹരി സൂചികകൾ പിടിച്ചുനിന്നു എന്ന സൂചനകളാണ് വിപണിയിൽ നിന്നും വരുന്നത്. താരിഫുകൾ മൂലമുണ്ടായ എല്ലാ നഷ്ടങ്ങളും ബെഞ്ച്മാർക്ക് സൂചികകൾ തിരിച്ചുപിടിച്ചുകഴിഞ്ഞു എന്നുതന്നെ പറയാം. ഇന്ന് വ്യാപാരം ആരംഭിച്ചതോടെ ഇന്ത്യൻ ഓഹരികൾ കുതിച്ചുയർന്നു. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ എൻ‌എസ്‌ഇ നിഫ്റ്റി 50 സൂചിക 2.4% വരെ ഉയർന്ന് താരിഫ് പ്രഖ്യാപനത്തിനു മുൻപുള്ള അവസ്ഥയിലേക്ക് എത്തി. 

ഇതോടെ, വ്യാപാര യുദ്ധത്തിന്റെ അസ്ഥിരതകൾക്കിടയിൽ ഇന്ത്യൻ വിപണികളെ നിക്ഷേപകർ സുരക്ഷിത താവളമായി കണക്കാക്കി എന്ന് മനസിലാക്കാം. ഉയർന്ന താരിഫുകൾ നേരിടുന്ന മറ്റ് പല വിപണികളെക്കാളും ആഗോള മാന്ദ്യത്തെ  മികച്ച രീതിയിൽ നേരിടാൻ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കഴിയുമെന്ന് തെളിഞ്ഞു എന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. 

ചൈനയ്ക്ക് മേൽ ട്രംപ്  145  ശതമാനം നികുതി ചുമത്തിയതോടെ ചൈനയ്ക്ക് പകരമുള്ള ഒരു ഉൽപ്പാദന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയെ വ്യാപാരികൾ പരിഗണിക്കുന്നുണ്ട്. മാത്രമല്ല, സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനായി റിസർവ് ബാങ്ക് പലിശനിരക്കുകൾ കുറച്ചത് ചില നിക്ഷേപകരെ വിപണിയിൽ തുടരാൻ പ്രേരിപ്പിച്ച ഘടകമാണ്. 

By admin